കൊളംബോ: എമേര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എ ഇന്ന് പാക്കിസ്താന്‍ എ യെ നേരിടും. തോല്‍വി അറിയാതെയാണ് യാഷ് ദുള്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റാണ് പാക്കിസ്താന്റെ വരവ്. മത്സരം ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും.
അതിശക്തമായ യുവനിരയാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്. ക്യാപ്റ്റന്‍ യാഷ് ദുളിന് പുറമെ സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ്മ, ധ്രുവ് ജൂരെല്‍, നികിന്‍ ജോസ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലുണ്ട്. ബൗളിങ്ങില്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, നിഷാന്ത് സിന്ധു, മാനവ് സത്താര്‍ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സെമിയില്‍ ബംഗ്ലാദേശ് എയ്ക്കെതിരെ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നിഷാന്ത് സിന്ധു അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ മാനവ് സത്താറും സെമിയില്‍ തിളങ്ങിയിരുന്നു.
രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളാണ് പാക് നിരയിലുള്ളത്. ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്, മുഹമ്മദ് വസീം, ഓപ്പണര്‍ സഹീബ്സാദ ഫര്‍ഹാന്‍, പേസര്‍ അര്‍ഷാദ് ഇഖ്ബാല്‍ എന്നിവര്‍ ഇതിനോടകം പാക് ദേശീയ ടീമില്‍ അരങ്ങേറി കഴിഞ്ഞു. പിഎസ്എല്ലില്‍ മികച്ച പ്രകടനമാണ് അമാദ് ബട്ടും ഒമൈര്‍ യൂസഫും പുറത്തെടുത്തത്. സെമിയില്‍ ഇന്ത്യ ബം?ഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍, ആതിഥേയരായ ശ്രീലങ്കയെ 60 റണ്‍സിന് തകര്‍ത്താണ് പാക്കിസ്താന്‍ എത്തുന്നത്.