ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് വാഹനങ്ങള്‍ തകര്‍ന്നു. കുളുവിലെ കിയാസ് ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയില്‍ അധികമായി തുടരുന്ന മഴയ്ക്കും പ്രളയത്തിനും ഇതുവരെ ശമനമായിട്ടില്ല.
ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍പ്രദേശിന്റെ ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിന്റെയും അരുണാചല്‍ പ്രദേശിന്റെയും പല ഭാഗങ്ങളിലും ബ്രഹ്‌മപുത്ര നദി കരകവിഞ്ഞിട്ടുണ്ട്. ഒഡിഷയില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി യമുന നദിയില്‍ ജലനിരപ്പ് ഇന്ന് അപകടനിലക്ക് താഴേക്ക് എത്തുമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ റോഡുകളിലെ വെള്ളക്കെട്ടിന് കുറവുണ്ട്. ഓഫീസുകള്‍ തുറന്നതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. പ്രളയംബാധിച്ച ആറു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഈ മാസം 18വരെ അവധി നീട്ടിയിട്ടുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയബാധിതര്‍ക്ക് 10,000 രൂപ സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങള്‍, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.