ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍വച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മര്‍ദിച്ച ശേഷമാണ് അക്രമികള്‍ പെണ്‍കുട്ടിയോടു ക്രൂരത കാട്ടിയത്. അജ്മീറില്‍നിന്ന് ഒളിച്ചോടിയ കമിതാക്കളാണ് അക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നില്‍ മൂന്ന് കോളജ് വിദ്യാര്‍ഥികളാണെന്നും ഇവരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
അജ്മീറില്‍നിന്ന് ശനിയാഴ്ച ഒളിച്ചോടിയ കമിതാക്കള്‍ രാത്രി 10.30 ഓടെയാണ് ജോധ്പുരിലെത്തിയത്. മുറിയെടുക്കാനായി ഒരു ഗസ്റ്റ് ഹൗസിലെത്തിയ ഇവര്‍ ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇവിടം വിടുകയായിരുന്നു. ഗസ്റ്റ് ഹൗസിനു വെളിയില്‍ നില്‍ക്കുമ്പോഴാണ് പ്രതികളായ സമന്ദര്‍ സിങ്ങ്, ധരംപാല്‍ സിങ്ങ്, ഭതം സിങ്ങ് എന്നിവര്‍ ഇവര്‍ക്കരികില്‍ എത്തിയത്. കഴിക്കാന്‍ ഭക്ഷണം നല്‍കാമെന്നും താമസിക്കാനുള്ള ഇടം ശരിയാക്കാമെന്നും ഉറപ്പു നല്‍കി പ്രതികള്‍ ഇരുവരെയും കൂടെക്കൂട്ടി. റെയില്‍വേ സ്റ്റേഷനില്‍ വിടാമെന്ന് പറഞ്ഞ് പ്രതികള്‍ ഞായറാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഇവരെ ജോധ്പുരിലെ ജെഎന്‍വി യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഹോക്കി മൈതാനത്ത് എത്തിക്കുകയും ഇവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതികള്‍ അവിടെനിന്നു കടന്നുകളഞ്ഞു.
രാവിലെ ക്യാംപസില്‍ നടക്കാനിറങ്ങിയവരാണ് പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞതനുസരിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്. ഡോഗ് സ്‌ക്വാഡിന്റെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ട്രാക്ക് ചെയ്ത് മൂവരെയും ജോധ്പുരിലെ ഗണേഷ്പുരത്തുള്ള വീട്ടില്‍ കണ്ടെത്തി. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് വീണു പരുക്കേറ്റതായി സീനിയര്‍ പൊലീസ് ഓഫിസര്‍ അമൃത ദുഹാന്‍ അറിയിച്ചു.
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, എസ്സി-എസ്ടി സംരക്ഷണ നിയമങ്ങളിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ എബിവിപി വിദ്യാര്‍ഥി നേതാവിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് എബിവിപി പ്രതികരിച്ചു. സംഘടനയുടെ പ്രതിഛായ തകര്‍ക്കാന്‍ മനഃപൂര്‍വം കഥകളുണ്ടാക്കുകയാണെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ പ്രതികള്‍ എത്ര സ്വാധീനമുള്ളവരായാലും പെണ്‍കുട്ടിക്ക് നീതി ലഭിക്കാനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗെലോട്ട് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്യുഐ തിങ്കളാഴ്ച എബിവിപിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.