ശബരിമല: സിഐടിയുവിന്റെ എതിർപ്പിനെ തുടർന്ന് ‘ഹരിവരാസനം റേഡിയൊ പദ്ധതി’ താത്കാലികമായി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം ബോർഡിന് കത്തയച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.
മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്‌ക്ക് കരാർ നൽകാൻ നീക്കം നടന്നുവെന്നാണ് ആരോപണം ഉയർന്നത്. തീരുമാനത്തെ എതിർത്ത് സിഐടിയു പരാതി നൽകി. തുടർന്നാണ് പദ്ധതി വേണ്ടെന്ന് വയ്‌ക്കുന്നത്.
ആദ്യഘട്ടത്തിൽ 20 ലക്ഷവും പിന്നീട് 20 ലക്ഷം വീതവും ബോർഡ് നൽകണമെന്നാണ് കരാർ. ഇതിൽ ഒപ്പുവയ്‌ക്കുന്നതിന് മുൻപാണ് സിഐടിയു എതിർപ്പ് പ്രകടിപ്പിച്ചത്. കരാർ ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്നാണ് ആക്ഷേപം. ഇതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇന്റർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു ഹരിവരാസനം റേഡിയോ തുടങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. തൊട്ടു പിന്നാലെയാണ് കരാർ സംബന്ധിച്ച് വിവാദം ഉയരുന്നത്. കോൺഗ്രസ് നേതാവിന് നൽകിയെന്നറിഞ്ഞതിന് പിന്നാലെയാണ് സിഐടിയുവും പ്രതിഷേധവുമായെത്തി.
സാധാരണ നിലയിൽ ഭരണ അനുകൂല സംഘടനയായ സിഐടിയു, അല്ലെങ്കിൽ സിപിഎമ്മുമായി ബന്ധമുള്ള ആളുകൾക്കാണ് കരാറുകൾ ലഭിക്കാറ്. കരാർ മറ്റൊരാൾക്ക് മാറ്റി നൽകാൻ പോലും ബോർഡ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ ഓരോ കരാറുകളിൽ പോലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്നത് പകൽ പോലെ സത്യമാണെന്ന് തെളിയുകയാണ്.