അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിലെ സിഖ് മത പ്രാര്‍ഥനയായ ഗുര്‍ബാണി സൗജന്യമായി സംപ്രേഷണം ചെയ്യുന്നതിന് നിയമഭേദഗതി പാസ്സാക്കി പഞ്ചാബ് സര്‍ക്കാര്‍. 1925-ലെ സിഖ് ഗുരുദ്വാര ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് ബില്‍ പാസാക്കി.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലെ മതപ്രാര്‍ഥന എല്ലാവര്‍ക്കും ലഭിക്കേണ്ടതാണെന്നും അവ സൗജന്യമായി ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍ വ്യക്തമാക്കി. ഗുര്‍ബാണി സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ പ്രാര്‍ഥനയ്ക്ക് അരമണിക്കൂര്‍ മുമ്പും ശേഷവും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
2007- മുതല്‍ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് ഓഹരിപങ്കാളിത്തമുള്ള സ്വകാര്യ ചാനലായ പി.ടി.സി നെറ്റ്വര്‍ക്കിനാണ് ഗുര്‍ബാണിയുടെ സംപ്രേഷണാവകാശം. പ്രതിവര്‍ഷം രണ്ട് കോടി രൂപയുടെ കരാറിനാണ് സംപ്രേഷണാവകാശം പി.ടി.സി. സ്വന്തമാക്കിയത്. ഇത് സൗജന്യമല്ലെന്നും പ്രാര്‍ഥന കേള്‍ക്കാനായി പ്രേക്ഷകര്‍ പണമടയ്ക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭഗവന്ത് മന്‍ സര്‍ക്കാര്‍ ഗുരുദ്വാര ആക്ട് ഭേദഗതിയ്ക്കൊരുങ്ങിയത്.
ഇതിനെതിരെ പ്രതിഷേധവുമായി ബാദല്‍ കുടുംബവും പി.ടി.സി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രബീന്ദ്രനാഥും രംഗത്തെത്തിയിരുന്നു. ഗുര്‍ബാണി സൗജന്യമായാണ് സംപ്രേഷണം ചെയ്യുന്നതെന്നും രബീന്ദ്ര നാരായണ്‍ പറഞ്ഞു. ഗുര്‍ബാണിക്കായി പണം മുടക്കേണ്ടിവരുന്ന വരിക്കാരെ കാണിച്ചാല്‍ ഒരുകോടി പാരിതോഷികം നല്‍കുമെന്നും പി.ടി.സി. ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.