തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യഭൂമിയിൽ ചന്ദനമരം വെച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്‍റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കിയതെന്ന് വനം മന്ത്രി വ്യക്തമാക്കി.(Cabinet approves bill allowing private land owners to sell sandalwood trees)
നിലവിലെ സാഹചര്യം ഒഴിവാക്കി ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍, പട്ടയ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്താന്‍ അനുമതിയില്ല. ഇതിന് പട്ടയം നല്‍കുന്നത് സംബന്ധിച്ച റവന്യൂ നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
അപകടകരമായ മരങ്ങള്‍, ഉണങ്ങിയ മരങ്ങള്‍, സ്വന്തം ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയിലെ മരങ്ങള്‍ എന്നിവ മുറിച്ചുമാറ്റുന്നതിന് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കാവുന്നത്. 2010-ലാണ് ചന്ദനമരങ്ങള്‍ മുറിക്കുന്നത് പാടെ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നത്. ഉടമകള്‍ വില്‍ക്കുന്ന ചന്ദനമരങ്ങള്‍ സൂക്ഷിക്കുന്നതിന് ജില്ലകളില്‍ ചന്ദന ഡിപ്പോകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.