വാഷിങ്ടണ്‍: കാനഡയിലെ കാട്ടുതീ ഗുരുതരമായ അമേരിക്കന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ടൊറന്റോ, ഒന്റാരിയോ, ക്യുബെക്ക് എന്നീനഗരങ്ങളില്‍ പുകപടലങ്ങള്‍ നിറഞ്ഞ് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
160ഓളം തീപിടിത്തങ്ങളുണ്ടായ ക്യൂബക്കിലെ സ്ഥിതിയും പരിതാപകരമാണ്. കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലെ വായുനിലവാരം മോശമാണെന്നും ഈ വായു ശ്വസിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ടോറന്റോയിലും സ്ഥിതി വ്യത്യസ്തമല്ല. വടക്കുകിഴക്കന്‍ യുഎസില്‍ വായുനിലവാരം മോശമായതിനാല്‍ നിരവധിപേര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകുന്നുണ്ട്.
പ്രഭാതത്തില്‍ പുകപടലം നിറഞ്ഞ് ഓറഞ്ച് നിറത്തിലുള്ള ന്യൂയോര്‍ക്ക് നഗരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ജനങ്ങള്‍ വ്യായാമം ചെയ്യുന്നതു പോലും വീടിനകത്തേക്കു മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി. പുകവലിയുടെ തോതു കുറയ്ക്കാനും നിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സാധാരണയുണ്ടാകുന്നതിലും കൂടുതലായി ഇത്തവണ കാനഡയില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഈ വേനല്‍കാലത്ത് കാനഡയില്‍ ഉണ്ടാകുന്നത്. അന്തരീക്ഷ താപനിലയും ഉയര്‍ന്നു. ഹെക്ടര്‍ കണക്കിനു പ്രദേശത്തേക്കു തീ പടര്‍ന്നു. പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാന തീപിടിത്തങ്ങള്‍ ഉണ്ടായത്.