ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി മുന്‍ സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും വന്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുന്നുവെന്നും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. വാര്‍ത്താചാനലായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോവധ നിരോധന നിയമം പുരോഗതിക്ക് തടസ്സമാണെന്ന നിഗമനം കോണ്‍ഗ്രസ് എടുത്തതല്ലെന്നും ബിജെപി സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവധ നിരോധനം, ഹിജാബ് നിയമങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചക്ക് തടസ്സമായ പിന്തിരിപ്പനായ നിയമങ്ങള്‍ എല്ലാം മാറ്റുമെന്നും രാഷ്ട്രീയമല്ല, സാമ്പത്തിക ശാസ്ത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ഗോവധ വിരുദ്ധ ബില്‍ ബിജെപിയുടെ നാഗ്പൂരിലെ മുതലാളിമാരെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് തയ്യാറാക്കിയത്. സംസ്ഥാനത്തെ കര്‍ഷകരെയോ വ്യവസായികളെയോ ഈ നിയമം സന്തോഷിപ്പിച്ചിട്ടില്ല. വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഈ ബില്‍ പുനഃപരിശോധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികള്‍ക്ക് തീറ്റ നല്‍കാനുള്ള പദ്ധതി അടക്കം പശു സംരക്ഷണവുമായി ബന്ധപ്പെട്ട ബിജെപിയുടെ മറ്റ് പദ്ധതികളും സാമ്പത്തിക ബാധ്യതകളായിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു.
ബിജെപിയുടെ കണക്ക് പ്രകാരം ഒരു പശുവിന് പ്രതിദിനം 70 രൂപ വീതം നല്‍കുമെന്നായിരുന്നു. അവര്‍ എങ്ങനെയാണ് ഈ കണക്ക് കൊണ്ടുവന്നതെന്ന് എനിക്കറിയില്ല. സംസ്ഥാനത്തെ 1.7 ലക്ഷം കന്നുകാലികളെ പോറ്റാന്‍ 5,240 കോടി രൂപ ചെലവിടേണ്ടിവരും. ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാ കുട്ടികളെയും സ്‌കൂളില്‍ നിലനിര്‍ത്തുന്നതല്ലേ മുന്‍ഗണന. ഒരു പ്രത്യേക നയം പിന്തിരിപ്പനും കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമാണെങ്കില്‍, ഞാന്‍ അത് നിലനിര്‍ത്തണോ അതോ റദ്ദാക്കണോ എന്ന് ആലോചിക്കേണ്ടിവരുമെന്നും ഹിജാബ് വിവാദം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.