ന്യൂഡൽഹി: വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുത്തൻ ഫീച്ചറുമായി ഇൻഡിഗോ. സ്ത്രീകൾക്ക് സഹയാത്രികരായി വനിതകളുടെ അടുത്ത് സീറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യമാണ് അവതരിപ്പിക്കുന്നത്. യാത്രയിൽ ആരൊക്കെയാണ് തന്റെ അടുത്തിരിക്കുന്നതെന്ന് ഇതിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഈ സൗകര്യം ഒറ്റക്കും കുടുംബമായും യാത്രചെയ്യുന്ന വനിതകൾക്ക് ഉണ്ടാകും.
വിമാനയാത്രക്കിടയിൽ പുരുഷ യാത്രക്കാരിൽ നിന്നും വനിതകൾ നേരിട്ട പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇൻഡിഗോയുടെ നടപടി. കഴിഞ്ഞ വർഷം സെപ്തംബറിൽ മുംബൈയിൽ നിന്നും ഗുവാഹത്തിയിലേക്ക് പറന്ന വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. അതേവർഷം, മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് മറ്റൊരു വനിതാ യാത്രികയ്‌ക്കും സമാനമായ അനുഭവമുണ്ടായി. ഈ പ്രശ്നങ്ങളൊക്കെ കണക്കിലെടുത്താണ് പുതിയ ഫീച്ചർ കമ്പനി ഒരുക്കുന്നത്.
കൂടാതെ, ആഭ്യന്തര അന്തർദേശിയ വിമാനടിക്കറ്റുകൾക്ക് പുതിയൊരു വില്പനയും ഇൻഡിഗോ ആരംഭിച്ചു. 1,199 രൂപക്കാണ് ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത്. 2024 മെയ് 29 മുതൽ മെയ് 31 വരെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ വർഷം ജൂലൈ 01 നും സെപ്റ്റംബർ 30നും ഇടയിൽ യാത്രചെയ്യുന്നവരുമാകണം യാത്രക്കാരെന്നും ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.