മുടികൊഴിച്ചിലും കഷണ്ടിയും കാലാകാലങ്ങളായി മനുഷ്യനെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. എന്നാൽ യുഎസ്സിലെ ഒരുകൂട്ടം ഗവേഷകർ ഇതിനും പരിഹാരം കണ്ടിരിക്കുകയാണ്. മുടി വളർത്താൻ കഴിവുള്ള 3D-പ്രിന്റ് സ്കിൻ ഗ്രാഫ്റ്റുകളുടെ ഉള്ളിൽ രോമകൂപങ്ങളുടെ പ്രിന്റിങ്ങിൽ വിജയിച്ചിരിക്കുകയാണ് ഇവർ. ന്യൂയോർക്കിലെ റെൻസെലേർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പഠനത്തിന്റെ ഫലങ്ങൾ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. കഷണ്ടിക്കുള്ള ഒരു പ്രതിവിധി എന്ന നിലയിൽ സൗന്ദര്യശാസ്ത്രപരമായ പ്രാധാന്യം മാത്രമല്ല, പുനരുൽപ്പാദന വൈദ്യശാസ്ത്രത്തിലെ ഒരു കുതിച്ചുചാട്ടം കൂടിയാണ് ഈ നേട്ടം.
നമ്മുടെ ശരീരത്തിലെ രോമകൂപങ്ങൾ വിയർപ്പ് ഉൽപാദനത്തിലൂടെ ശരീര താപനില നിലനിർത്തുന്നതിന് അവിഭാജ്യ ഘടകമാണ്. കൂടാതെ ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമായ സ്റ്റെംസെല്ലുകളെ സംരക്ഷിക്കുന്നതും രോമങ്ങളാണ്. മനുഷ്യ ത്വക്ക് കോശത്തിനുള്ളിൽ രോമകൂപങ്ങൾ വിജയകരമായി 3D-പ്രിന്റ് ചെയ്തതോടെ,
ഈ സെല്ലുകളിൽ രോമങ്ങൾ കിളിർപ്പിക്കുന്നതിനും അതുവഴി കഷണ്ടിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കും എന്നും ഗവേഷകർ പറയുന്നു. മാത്രമല്ല, വൈവിധ്യമാർന്ന ചർമ്മ അവസ്ഥകൾക്കുള്ള കൂടുതൽ ഫലപ്രദമായ ചികിത്സകൾ പരീക്ഷിക്കുന്നതിനും ഇത് വഴിയൊരുക്കും.
ഗവേഷണം നടന്നത് ഇങ്ങനെ:
റെൻസെലേർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം പ്രത്യേകം രൂപകൽപ്പന ചെയ്ത 3D പ്രിന്റിംഗ് ടെക്നിക്കുകൾ ആണ് ഇതിനായി ഉപയോഗിച്ചത്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സെല്ലുകൾ സെല്ലുകൾ പിന്നീട് പ്രോട്ടീനുകളും മറ്റ് വസ്തുക്കളുമായി സംയോജിപ്പിച്ച് പ്രിന്ററിനായി ഒരു പ്രത്യേക “ബയോ-ഇങ്ക്” ഉണ്ടാക്കി. പിന്നീട് നേർത്ത സൂചി ഉപയോഗിച്ച്, പ്രിന്റർ ഈ ബയോ-ഇങ്ക് ലെയർ ലെയർ ആയി ശരീരത്തിൽ നിക്ഷേപിച്ചു, ഇതിനൊപ്പം മുടി കോശങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചാനലുകൾ കൂടി ഇവ സൃഷ്ടിച്ചു. കാലക്രമേണ, ചർമ്മകോശങ്ങൾ ഈ ചാനലുകളിലേക്ക് കുടിയേറി, സ്വാഭാവിക ചർമ്മത്തിൽ കാണപ്പെടുന്നതുപോലെയുള്ള മുടി ഫോളിക്കിളുകൾ സൃഷ്ടിച്ചു. ഇങ്ങനെ ശരീരത്തിലെ ഏതു ഭാഗത്തും മുടി വളർത്തിയെടുക്കാനാവും.