ദർശന സമയത്ത് ക്ഷേത്രങ്ങൾക്ക് ചുറ്റും വലം വെക്കുന്നതിനെയാണ് പ്രദക്ഷിണം എന്നു പറയുന്നത്. എന്നാൽ, എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിയില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല. ക്ഷേത്രങ്ങളിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഗണപതി ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണവും ഭഗവതി ക്ഷേത്രത്തിൽ രണ്ടും ശിവക്ഷേത്രത്തിൽ മൂന്നും വിഷ്ണു ക്ഷേത്രത്തിലും കൃഷ്ണക്ഷേത്രത്തിലും നാലും ശാസ്താ ക്ഷേത്രത്തിൽ അഞ്ചും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആറ് പ്രദക്ഷിണവും ആണ് വെക്കേണ്ടത്. പൂജാമുറിയുടെ വാതിലിൽ നിന്ന് കൊണ്ടു തന്നെ പ്രദക്ഷിണം വയ്ക്കുന്ന ഒരു രീതിയും ഉണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപ് ഉപദേവന്മാരെ കണ്ട് തൊഴുതശേഷം വേണം അകത്തേക്ക് കടക്കാൻ. ശിവക്ഷേത്രത്തിൽ മാത്രം പൂർണമായി പ്രദർശനം വയ്ക്കാൻ സാധിക്കില്ല. ഓവ് മുറിച്ച് കടക്കാതെ തിരിച്ചു നടന്ന് വേണം പ്രദക്ഷിണം ചെയ്യാൻ.
പ്രദക്ഷിണ വഴിയിലുള്ള ബലിക്കല്ലുകളിലൊന്നും സ്പർശിക്കാനോ ചവിട്ടാനോ പാടില്ല. കാല് തട്ടിയാൽ വീണ്ടും തൊട്ടുതൊഴുന്നതും തെറ്റാണ്. ശയന പ്രദക്ഷിണം സ്ത്രീകൾ ചെയ്യാൻ പാടുള്ളതല്ല. പൂർണ ഗർഭിണിയായ ഒരു സ്ത്രീ തലയിൽ ഒരു കുടം വെള്ളം തുളുമ്പാതെ എങ്ങനെ നടക്കുമോ അങ്ങനെ വേണം പ്രദക്ഷിണം ചെയ്യാൻ. വേഗത്തിൽ പ്രദർശനം ചെയ്യാൻ പാടുള്ളതല്ല. ശ്രീകോവിൽ അടച്ചിരിക്കുന്ന സമയങ്ങളിൽ പ്രദർശനം ചെയ്യാൻ പാടില്ല ബുദ്ധമത ക്ഷേത്രങ്ങളിലും പ്രദക്ഷിണം പതിവാണ്.
നാല് അംഗങ്ങളാണ് പ്രദക്ഷിണത്തിനുള്ളത്
1. ഇളകാതെ ഇരുഭാഗങ്ങളിലും കൈകൾവെക്കുക
2. വാക്കുകൊണ്ട് ദേവന്റെ നാമങ്ങളുച്ചരിക്കുക
3. ഹൃദയത്തിൽ ദേവരൂപം ധ്യാനിക്കുക
4. ഒരു പാദത്തിൽനിന്നു മെല്ലെ മറ്റേ പാദം ഊന്നിക്കൊണ്ട് മുന്നോട്ടു നീങ്ങുക