അധികം താമസിയാതെ ലോകത്ത് ഏകദേശം 240 ദശലക്ഷം പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉപയോഗശൂന്യമാകുമെന്നു റിപ്പോർട്ടുകൾ. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ നിർത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തിന്റെ ഫലമായി ട്ടാണ് ഈ അവസ്ഥ സംജാതമാകുക എന്നാണു റിപ്പോർട്ട്. ഒരു പതിറ്റാണ്ട് പഴക്കമുള്ള ഓഎസ് ഉപയോഗിക്കുന്നതിൽനിന്നും ഏവരെയും പൂർണമായും ഒഴിവാക്കാനാണ് ഈ നീക്കം. വിൻഡോസ് 10ൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽ നിന്നു സഹായവും ലഭിക്കില്ല.
ഏകദേശം 20 ശതമാനത്തോളം കംപ്യൂട്ടറുകളും മൈക്രോസോഫ്റ്റിന്റെ പിന്തുണ പിൻവലിക്കലോടെ ഇലക്ട്രോണിക് മാലിന്യമാകുമെന്നു പ്രവചനം നടത്തിയിരിക്കുന്നത് മാർക്കറ്റ് അനലിസ്റ്റ് കമ്പനിയായ കനാലിസാണ്. 2025 ഒക്ടോബർ 14 നു ആയിരിക്കും വിൻഡോസ് 10 (Windows 10) ഓപ്പറേറ്റിങ് സിസ്റ്റത്തിനു പിന്തുണ നല്‍കുന്നതു മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുക. 2025 ഒക്ടോബർ 14-ന് ശേഷം വിൻഡോസ് 10 ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കില്ല. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സുരക്ഷാ അപ്‌ഡേറ്റുകൾ ഉണ്ടായിരിക്കില്ല. ക്ഷുദ്രവെയർ, വൈറസുകൾ, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയ്ക്ക് കംപ്യൂട്ടർ ഇരയാകുമെന്നാണ് ഇതിനർത്ഥം. ഈ ഇ–മാലിന്യത്തിനുതന്നെ ഏകദേശം 480 ദശലക്ഷം കിലോഗ്രാം ഭാരമുണ്ടാകുമത്രെ.