സിറോ: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ ഇത്തവണ മിലാന്‍ ഡര്‍ബി തന്നെയാണ് പ്രത്യേകത. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും തമ്മിലാണ് മറ്റൊരു സെമി.
കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയുമായി 3-3ന് സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ പാദത്തില്‍ ബെന്‍ഫിക്കയുടെ മൈതാനത്ത് നേടിയ 2-0ന്റെ ജയം ഇന്ററിന് സെമിയിലേക്ക് വഴിതുറന്നു. ഇരുപാദങ്ങളിലുമായി ജയം 5-3ന്. നിക്കോളോ ബലെല്ല, ലൗട്ടാറോ മാര്‍ട്ടിനസ്, ജാക്വിന്‍ കോറിയ എന്നിവര്‍ ഇന്ററിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഫ്രെഡ്രിക് ഓര്‍സ്നെസ്, അന്റോണിയോ സില്‍വ, പീറ്റര്‍ മുസ എന്നിവരിലൂടെയായിരുന്നു ബെന്‍ഫിക്കയുടെ മറുപടി.
ഇതോടെ ചിരവൈരികളായ എസി മിലാനെയാണ് ഇന്ററിന് സെമിയില്‍ നേരിടാനുള്ളത്. മേയ് ഒമ്പതിന് സാന്‍ സിറോയില്‍ ആദ്യപാദ മത്സരവും മേയ് 16-ന് സാന്‍ സിറോയില്‍ തന്നെ രണ്ടാംപാദ സെമിയും നടക്കും.
അതേസമയം രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ 1-1ന് സമനിലയില്‍ സമനിലയില്‍ പിരിഞ്ഞെങ്കിലും സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ നേടിയ 3-0ന്റെ ജയത്തിന്റെ ആനുകൂല്യവുമായാണ് സിറ്റി സെമിയിലേക്ക് മുന്നേറിയത്. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയം.
ചെല്‍സിയെ തകര്‍ത്തെത്തുന്ന റയല്‍ മാഡ്രിഡിനെയാണ് സെമിയില്‍ സിറ്റിക്ക് നേരിടാനുള്ളത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിറ്റിയും റയലും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഏറ്റമുട്ടുന്നത്. കഴിഞ്ഞ തവണ നടന്ന ആദ്യപാദ സെമിയില്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ റയലിനെ 4-3ന് പരാജയപ്പെടുത്തിയ സിറ്റി പക്ഷേ രണ്ടാംപാദ മത്സരത്തില്‍ 3-1ന്റെ അവിശ്വസനീയമായ തോല്‍വി വഴങ്ങി പുറത്താകുകയായിരുന്നു. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പകരംവീട്ടാനുറച്ചാകും ഇത്തവണ സിറ്റി ഇറങ്ങുക. മേയ് ഒമ്പതിന് റയലിന്റെ മൈതാനത്താണ് ആദ്യപാദ സെമി. മേയ് 16-ന് സിറ്റിയുടെ മൈതാനത്ത് രണ്ടാംപാദ മത്സരവും നടക്കും.