പൂനെ: ജന്മദിനാഘോഷം ദുബായിൽ വെച്ച് നടത്താത്തതിൽ പ്രകോപിതയായ ഭാര്യ ഭർത്താവിനെ ഇടിച്ചുകൊന്നു. വ്യവസായിയായ 36 കാരൻ നിഖിൽ ഖന്നയാണ് ഭാര്യയുടെ മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേണുകയെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പൂനെ വാനവ്ഡി ഏരിയയിലെ അപ്പാർട്ട്മെറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
രേണുകയുടെ ജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ട് പോകാത്തതിന്റെ പേരിൽ ഇരുവരും വഴക്കിടുകയായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്കു പോകണമെന്ന ആവശ്യം നിഖിൽ നിരസിക്കുകയും ചെയ്തു.ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങള്‍ നൽകാത്തതിലും രേണുക അസ്വസ്ഥയായിരുന്നു എന്നും വാനവ്ഡി പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും ചില പല്ലുകളും തകർന്നു. തുടർന്നുണ്ടായ രക്തസ്രാവം മൂലമാണ് നിഖിൽ ഖന്ന മരണപ്പെട്ടത്.
ഐപിസി സെക്‌ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി വനവ്ഡി പൊലീസ് അറിയിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും ആറു വർഷം മുൻപാണ് വിവാഹിതരായത്.
Read Also:15 കോടിയിൽ തട്ടി ഐപിഎൽ ലേലത്തിന്റെ ഗതി മാറുമോ? ഹർദിക് വരുന്നതോടെ രോഹിത് പുറത്തേക്ക്!