ന്യൂയോർക്ക് : ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ യുഎൻ രക്ഷാ സ്ഥിരാംഗങ്ങള്‍ അമേരിക്കയും റഷ്യയും പല തവണ വീറ്റോ ചെയ്ത പശ്ചാത്തലത്തിലാണ് ജനറൽ അസംബ്ലി വിഷയം പരിഗണിച്ചത്. യുഎൻ സുരക്ഷാ സമിതി രണ്ടാഴ്ചയോളം നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. ജോർദാന്റെ നേതൃത്വത്തിൽ പാലസ്തീനെ അനുകൂലിക്കുന്ന 22 അറബ് രാജ്യങ്ങളുടെ ഗ്രൂപ്പ് യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരട് തയ്യാറാക്കി. ജോർദാൻ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി പ്രമേയം അവതരിപ്പിച്ചു. ആകെ 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിൽ ഉള്ളത്. പ്രമേയം സമിതിയിൽ വോട്ടിനിട്ടു. ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. ബാക്കി വരുന്നവരിൽ 120 പേർ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
പ്രമേയം
ഇസ്രയേലും – ഹമാസും നടത്തുന്ന പോരാട്ടം ഉടൻ അവസാനിപ്പിച്ച് വെടിനിറുത്തൽ എത്രയും വേഗം പ്രാമ്പല്യത്തിലാക്കണമെന്ന് പ്രമേയം ആവിശ്യപ്പെടുന്നു.ഇരുപക്ഷവും ബന്ദികളാക്കിയവരെ ഉപാധികളില്ലാതെ മോചിപ്പിക്കണം. അടിയന്തരമായി ഗാസയിലേക്ക് ഇന്ധനവും വൈദ്യുതിയും മെഡിക്കല്‍ സഹായങ്ങളും എത്തിക്കണം. സഹായവുമായി വിരലിലെണ്ണാവുന്ന ട്രക്കുകൾക്ക് മാത്രമേ പാലസ്തീനിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കാനായി ശാശ്വതവും സുസ്ഥിരവുമായ മാനുഷിക ഉടമ്പടി അത്യാവശ്യമാണ്.പലസ്തീനിയൻ സിവിലിയൻ ജനതയെ നിർബന്ധിതമായി ആട്ടിയോടിക്കുന്ന ഏതൊരു ശ്രമത്തെയും ശക്തമായി നിരസിക്കുന്നു. ഗാസയ്ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കണം. ഇസ്രായേൽ സിവിലിയൻമാർക്ക് നേരെയുള്ള എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും വിവേചനരഹിതമായ ആക്രമണങ്ങളെയും അപലപിക്കുന്നു എന്ന് പ്രമേയത്തിൽ വിമർശിക്കുന്നു. പക്ഷെ ഹമാസിനെ പ്രത്യേകമായി പരാമർശിക്കുന്നില്ല. പ്രമേയത്തിൽ ഹമാസിനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കണമെന്നാവശ്യപ്പെട്ട് കാനഡ ഭേദഗതി അവതരിപ്പിച്ചു. പക്ഷെ ഇത് രക്ഷാസമിതി വോട്ടിനിട്ട് തള്ളി.
എതിർത്ത രാജ്യങ്ങൾ
പ്രമേയത്തെ അതിരൂക്ഷമായ ഭാഷയിലാണ് ഇസ്രയേൽ പ്രതിനിധി എതിർത്തത്. പ്രമേയം അപകീർത്തികരമാണ്. ഹമാസ് തീവ്രവാദികൾക്ക് ഒളിച്ചിരിക്കാൻ സമയം നൽകുക എന്നതാണ് വെടി നിറുത്തൽ കൊണ്ട് ഉദേശിക്കുന്നത്. സമാധആനം പുനസ്ഥാപിക്കാനല്ല പ്രമേയം കൊണ്ട് വന്നിരിക്കുന്നത്. പകരം ഇസ്രായേലിന്റെ കൈകൾ കെട്ടാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇസ്രായേലി യുഎൻ അംബാസഡർ ഗിലാദ് എർദാൻ കുറ്റപ്പെടുത്തി. ഈ പ്രമേയത്തിന് അവകാശപ്പെട്ട ഒരേയൊരു സ്ഥലം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും അദേഹം പരിഹസിച്ചു. ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇവർക്ക് പുറമെ ഹംഗറി, ഓസ്ട്രിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഗ്വാട്ടിമാല, മാര്‍ഷല്‍ ഐലന്‍ഡ്, പാപ്പുവ ന്യൂഗിനി, പരാഗ്വായ് ടോംഗ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തത്.
ഇന്ത്യൻ നിലപാട്
പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നിന്നു. വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള കാരണം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിസമ്മതിച്ചു. ഗാസയിലെ സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്നും മേഖലയിലെ സംഘര്‍ഷത്തെ ഇന്ത്യ ഗൗരവമായി കാണുകയാണെന്നും അദേഹം പറഞ്ഞു. സംഘർഷത്തിന് ഇരുരാജ്യങ്ങളും കാരണക്കാരാണ്. ജോർദാന്റെ പ്രമേയത്തിൽ നിന്നും വിട്ട് നിന്നെങ്കിലും , പ്രമേയത്തിനെതിരെ കാനഡ കൊണ്ട് വന്ന ഭേദഗതി വോട്ടിനിട്ടപ്പോൾ ഇന്ത്യ പങ്കെടുത്തു. ഭേദഗതി അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു. ”ഒക്‌ടോബര്‍ ഏഴിലിന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെ അപലപിക്കുന്നുവെന്നും” യോജ്‌ന ജനറല്‍ അസംബ്ലിയിൽ പറഞ്ഞു.”ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ബന്ദികളുടെ നിരുപാധിക മോചനം ഉടന്‍ വേണം. എല്ലാത്തരത്തിലുള്ള തീവ്രവാദവും അപലപിക്കപ്പെടേണ്ടതാണ്. അതില്‍ പക്ഷാഭേദങ്ങളില്ല. തീവ്രവാദം വച്ചുപൊറുപ്പിക്കാനാവില്ല”- ഇന്ത്യന്‍ പ്രതിനിധി അസംബ്ലിയില്‍ വ്യക്തമാക്കി. കാനഡ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തി. ഭേദഗതിയെ അനുകൂലിച്ച് ഇന്ത്യ ഉള്‍പ്പടെ 88 രാജ്യങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വിട്ടുനിന്നു.
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
വെടിനിറുത്തൽ ആവിശ്യപ്പെട്ടുള്ള വെടിനിറുത്തൽ കാര്യമാക്കാതെ ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. അതിർത്തിയോട് ചേർന്ന് മൂന്നിടത്ത് വെള്ളിയാഴ്ച്ച അർദ്ധരാത്രി ശക്തമായ വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ വിവിധ ആശുപത്രികൾക്ക് സമീപവും, അഭയാർത്ഥി ക്യാമ്പിന് സമീപവും ഇസ്രയേൽ ബോംബുകൾ വീണതായി റിപ്പോർട്ട് ഉണ്ട്. കരമാർഗമുള്ള ആക്രമണം എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക് മാതൃകയിൽ പാലസ്തിനിലെ ചില മേഖലകളിൽ കടന്ന് കയറിയെങ്കിലും പിന്നീട് പിൻവാങ്ങി. നിലവിൽ ഗാസയിലെ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം പൂർണമായും തകർന്നു. സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മഥ്യസ്ഥതയിലും ചർച്ച പുരോഗമിക്കുന്നു. ഈ ചർച്ചയിലാണ് വെടിനിറുത്തിയാൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് നേതൃത്വം അറിയിച്ചത്.ഇത് ഇസ്രയേൽ അംഗീകരിച്ചിട്ടില്ല. ഗാസയിൽ കുടുങ്ങിപ്പോയ സാധാരണക്കാർ വെള്ളവും ഭക്ഷണവും ഇല്ലാതെ മരിച്ച് വീഴുകയാണെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി.