തേനി: അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്‍കി തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെയോടെ ‘മിഷന്‍ അരിസ്സിക്കൊമ്പന്‍’ എന്ന ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഹൈവേയിലൂടെ ഓടിയ ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം നഗരത്തിന്റെ അതിര്‍ത്തി മേഖലയിലാണ് ഇപ്പോള്‍ ആനയുള്ളത്.
പുളിമരച്ചുവട്ടില്‍ ശാന്തനായി നിന്നിരുന്ന അരിക്കൊമ്പന്‍ പെട്ടെന്ന് പരിഭ്രാന്തനായി റോഡിലിറങ്ങി ഓടുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ചിലര്‍ ഡ്രോണ്‍ പറപ്പിച്ചതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വിളറിപിടിച്ച ആന കമ്പം-കമ്പംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂര്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു.
ആന നില്‍ക്കുന്ന പ്രദേശത്തേക്ക് ജനങ്ങള്‍ എത്താതിരിക്കുന്നതിന് ശക്തമായ ക്രമീകരണങ്ങളാണ് പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. ബൈപാസ് റോഡ് പോലീസ് ഇപ്പോള്‍ അടച്ചിരിക്കുകയാണ്. ഇപ്പോഴുള്ള പ്രദേശത്തുനിന്ന് ആന കമ്പംമേട് വനമേഖലയിലേക്ക് നീങ്ങാനും സാധ്യതയുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആനയെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പോയിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മനുഷ്യജീവനും സമ്പത്തിനും ആപത്തായതിനാല്‍ ആനയെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ ശ്രീവല്ലി പുത്തൂര്‍-മേഘമലൈ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശമാണ് ഇന്ന് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യനിലയുള്‍പ്പടെ പരിഗണിച്ചു വേണം ദൗത്യം നടത്താനെന്നും ഉത്തരവില്‍ പറയുന്നു.
കമ്പം ടൗണിലെത്തിയ അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് തീവ്രശ്രമമാണ് നടത്തിയത്. ശനിയാഴ്ച ഉച്ച കഴിയുന്നതോടെ കമ്പത്ത് കുങ്കിയാനകളെത്തും. ആനമലയില്‍നിന്നും മുതുമലയില്‍നിന്നുമുള്ള രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാനായി എത്തുന്നത്. കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഢി അറിയിച്ചു.
കേവലം 18 കിലോമീറ്ററാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള പ്രദേശത്തുനിന്ന് കുമളിയിലേക്കുള്ള ദൂരം. 88 കിലോമീറ്റര്‍ അപ്പുറത്ത് നേരത്തേ അരിക്കൊമ്പന്‍ വിഹരിച്ചിരുന്ന ചിന്നക്കനാലുമാണ്. ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പന്‍ എന്നാണ് കരുതപ്പെടുന്നത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ കമ്പത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്ത് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി കമ്പം എം.എല്‍.എ. എന്‍. രാമകൃഷ്ണനും അറിയിച്ചു. ആളുകളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ നിര്‍ദേശിച്ചിട്ടുമുണ്ട്.