തലമുടി വൃത്തിയായി സൂക്ഷിക്കുന്നവരാണ് എല്ലാവരും.. അതിനായി ഷാംപൂ വാഷാണ് ചെയ്യാറുള്ളത്. ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് സത്യത്തിൽ നമ്മളുടെ മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഷാംപൂ ഉപയോഗിക്കാതേയും മുടി എന്നും കഴുകാതേയും നല്ലപോലെ വൃത്തിയാക്കി സൂക്ഷിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം.
മുടി ചീകുന്നത്
അമിതമായി മുടി ചീകുന്നത് നല്ലതല്ലെങ്കിലും അത്യാവശ്യത്തിന് മുടി ചീകുന്നത് തലയിൽ നിന്നും പൊടി നീക്കം ചെയ്യാനും അതുപോലെ, തലയിൽ നാച്വറലായി ഉൽപാദിപ്പിക്കപ്പെടുന്ന സെബത്തിന്റെ അളവ് തലയുടെ എല്ലാഭാഗത്തും എത്തുന്നതിനും ഇത്തരത്തിൽ ചീകുന്നത് സഹായിക്കുന്നു. അതിനാൽ തന്നെ, മുടി നല്ല ഫ്രഷ് ലുക്കിൽ ഇരിക്കാൻ ഇത് സഹായിക്കുന്നുണ്ട്.ചീർപ്പ് എടുക്കുമ്പോൾ നല്ല വൃത്തിയാക്കിയതിന് ശേഷം മാത്രം എടുക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ തലയിൽ താരൻ വരാൻ സാധ്യത കൂടുതലാണ്. അതുപോലെ, ചീർപ്പിന്റെ പല്ലുകൾക്ക് അകലം വേണം. അടുപ്പിച്ച് ഇരിക്കുന്ന പല്ലുകളോട് കൂടിയ ചീർപ്പ് ഉപയോഗിക്കരുത്. മുടി കൊഴിച്ചിലിന് കാരണമാണ്.
മുടി കെട്ടിവെക്കാം
മുടി ലൂസ് ബൺ ഉപയോഗിച്ച് കെട്ടി വെക്കുന്നത് നല്ലതാണ്. ഇത് മുടി മുഖത്തേയ്ക്ക് വരുന്നത് തടയും. അതുപോലെ, കഴുത്തിൽ വീണ് കിടക്കുന്നത് തടയാനും സഹായിക്കുന്നതാണ്. ഇത്തരത്തിൽ മുഖത്തും കഴുത്തിലും മുടി വീണ് കിടന്നാൽ മുഖത്തേയും കഴുത്തിലേയും അഴുക്കും വിയർപ്പും മുടിയിലേയ്ക്ക് വരുന്നതിന് കാരണമാണ്. ഇത് മുടി വൃത്തികേടാകാൻ കാരണമാണ്. അതിനാൽ, മുടി പുറത്ത് യാത്ര ചെയ്യുമ്പോഴും അതുപോലെ, വീട്ടിൽ ഇരിക്കുമ്പോഴും ചെറിയ രീതിയിൽ അമിതമായി വലിച്ച് മുറുക്കാതെ ലൂസായി കെട്ടി വെക്കാവുന്നതാണ്.
വിയർപ്പായാൽ
നല്ല ചൂടുള്ള സമയത്താണെങ്കിൽ വെറുതേ വീട്ടിൽ ഇരുന്നാൽ പോലും തല തല്ലപോലെ വിയർക്കാൻ കാരണമാകും. ഇത് ഒഴിവാക്കാൻ വെറുതേ സാധാ വെള്ളത്തിൽ ഒന്ന് മുടി കഴുകാവുന്നതാണ്. ഷാംപൂ ഒന്നും ഇതിന് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ ചെയ്യുന്നത് തലയിൽ നിന്നും അഴുക്കും പൊടിയും, വിയർപ്പും നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ഇത് തലയിൽ താരൻ വരുന്നത് തടയാൻ സഹായിക്കുന്നു.
ടവ്വൽ
പുറത്ത് യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തലമുടി കെട്ടി വെക്കുന്നതിന്റെ കൂടെ തലയിൽ ടവ്വൽ ഉപയോഗിച്ച് കെട്ടി വെക്കാൻ മറക്കരുത്. ഇത്തരത്തിൽ ടവ്വൽ കെട്ടിവൈച്ചാൽ മുടി കാറ്റിൽ പറന്ന് വൃത്തികേടാകുന്നത് കുറയ്ക്കാൻ സാധിക്കും. അതുപോലെ, തലയിൽ പൊടി കയറുന്നത് തടയാനും ഇത് നല്ലതാണ്. അതിനാൽ, ടവ്വൽ ഉപയോഗിച്ച് മുടി കെട്ടാൻ മറക്കരുത്.
സിൽക്ക് തലയിണ
രാത്രിയിൽ മുടി കെട്ടിവെച്ച് കിടക്കുന്നതിന് പകരം, പലരും മുടി അഴിച്ചിട്ടാണ് കിടക്കുക. മുടിയുടെ ആരോഗ്യത്തിന് മുടി ഫ്രീയായി വെക്കുന്നതാണ് നല്ലത്. എന്നാൽ, രാത്രിയിൽ മുടി അഴിച്ചിട്ട് കിടന്ന് എഴുന്നേൽക്കുമ്പോൾ മുടി ആകപ്പാടെ ജെടപിടിച്ചിരിക്കാം. അതുപോലെ തന്നെ അമിതമായി എണ്ണമയം വന്നതുപോലെ തോന്നുകയും ചെയ്യാം. ഇത് കാണുമ്പോൾ നമ്മൾ മിക്കതും കുളിച്ച് മുടിയെ ഒതുക്കാൻ നോക്കും. എന്നാൽ, ഇത്തരം പ്രശ്‌നം ഇല്ലാതിരിക്കാൻ നിങ്ങൾക്ക് സിൽക്ക് തലയണ ഉപയോഗിക്കാവുന്നതാണ്.
സിൽക്ക് തലയണ ഉപയോഗിക്കുമ്പോൾ മുടി പാറിപറന്ന് പോകാതിരിക്കുന്നു. അതുപോലെ തന്നെ മുടിയിൽ ജെടപിടിക്കാനുള്ള സാധ്യതയും കുറയുന്നു. അതിനാൽ, ഒരു ചീർപ്പ് ഉപയോഗിച്ച് ചീകിയിൽ മുടി നല്ല ഒതുക്കത്തിൽ ഫ്രഷ് ലുക്കിൽ കിടക്കും. സാധാ തലയണ ഉപയോഗിച്ചാൽ മുടി ചീകിയാലും ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ലുക്ക് കിട്ടാൻ സാധ്യത കൂടുതലാണ്.
Read Also : വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ല..