തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷത്തിലേക്ക്. ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ വീടുകളില്‍ നിന്ന് ശേഖരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയത്. വയറെരിഞ്ഞ് വരിയില്‍ നില്‍ക്കുന്നവര്‍ക്ക് പൊതിച്ചോറിന്റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്‌നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ ഏഴ് വര്‍ഷമായി മുടങ്ങാത്ത കാഴ്ചയുമാണ് ഈ പൊതിച്ചോറ് വിതരണം. ഡിവൈഎഫ്‌ഐയുടെ അരിമ്പൂര്‍ മേഖല കമ്മിറ്റിക്കായിരുന്നു ഇന്ന് പൊതിച്ചോര്‍ നല്‍കാനുള്ള ഊഴം. ദിവസവും അഞ്ഞൂറ് പൊതിച്ചോര്‍ എന്ന രീതിയില്‍ തുടങ്ങിയ പരിപാടിയാണ് വളര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പകറ്റുന്നത്. ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.
ഇതുവരെ ഒരുകോടിയോളം പൊതിച്ചോര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം ഡിവൈഎഫ്‌ഐ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ വിശദമാക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓരോ വീട്ടില്‍ നിന്നും നേരിട്ടാണ് പൊതിച്ചോര്‍ ശേഖരിക്കുന്നത്. അനുദിനം വളരുന്ന പങ്കുവക്കലിന്റെ രാഷ്ട്രീയം കൂടിയാണ് ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണം.