അഹമ്മദാബാദ്: ലോകകപ്പിൽ കനത്ത തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെ രൂക്ഷവിമർശനം നടത്തുകയാണ് ആരാധകർ. ഇന്ത്യക്കെതിരെ ഉയർന്നു വരുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് ടീമിൽ സൂര്യ കുമാർ യാദവിന്റെ സ്ഥാനം തന്നെയാണ്. തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കുറച്ചെങ്കിലും ആശ്വാസം പകർന്നത് കെ എൽ രാഹുലായിരുന്നു. എന്നാൽ രാഹുലും പുറത്തായതോടെ ഇന്ത്യ തോൽവിയുടെ അപകടം മണത്തു. അവസാന നിമിഷം അത്ഭുതം കാണിക്കുമെന്നു കരുതിയിരുന്ന സൂര്യ കുമാർ യാദവും കൈവിട്ടതോടെ ഇന്ത്യയുടെ സ്കോർ നിലയുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി.
ലോകകപ്പ് ടീം സെലക്ഷന്‍ മുതല്‍ പ്ലേയിങ് ഇലവനില്‍ എത്തിയ നിമിഷം വരെ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് സൂര്യകുമാർ യാദവ്. ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യക്ക് ഏകദിനത്തില്‍ ഇനിയും അവസരം നല്‍കണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും പിന്തുണയിൽ സൂര്യ കളത്തിലിറങ്ങുകയായിരുന്നു. പരിക്കേറ്റ് ലോകകപ്പിൽ നിന്നും പിൻവാങ്ങേണ്ടി വന്ന ഹർദിക് പാണ്ഡ്യയുടെ ഫിനിഷർ റോളായിരുന്നു സൂര്യ വഹിച്ചത്. ഓസീസിനെതിരെ 28 പന്ത് നേരിട്ട താരം നേടിയത് 18 റൺസ് മാത്രം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം നിരാശമാത്രം സമ്മാനിച്ച സൂര്യ ഫൈനലിലും അത് ആവർത്തിച്ചു. സൂപ്പർ ഫിനിഷിങ് പ്രതീക്ഷിച്ചിരുന്ന കാണികളെ നിരാശരാക്കികൊണ്ട് ജോഷ് ഹെയ്‌സല്‍വുഡിന്റെ സ്ലോ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസ് സൂര്യയെ മടക്കി.
ഏകദിനത്തില്‍ വളരെ മോശം റെക്കോഡുള്ള താരമാണ് സൂര്യ. ഫൈനലിൽ സൂര്യയെ പുറത്തിരുത്തി അശ്വിനെ കളിപ്പിക്കുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും സൂര്യ ടീമിൽ തുടർന്നത് വലിയ അബദ്ധമായി മാറി. ഇന്ത്യക്കായി ഫൈനലില്‍ അടക്കം ആറ് ഇന്നിങ്‌സുകളില്‍ സൂര്യ ബാറ്റ് ചെയ്തു. ലോകകപ്പിൽ സൂര്യ നേടിയത് 106 റൺസ് മാത്രം. ഇംഗ്ലണ്ടിനെതിരെ നേടിയ 47 പന്തില്‍ 49 റണ്‍സാണ് ആകെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍. 17 ശരാശരിയും 101 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യയുടെ സമ്പാദ്യം. അതേസമയം, 11 ഏകദിനത്തില്‍ നിന്ന് 56ന് മുകളില്‍ ശരാശരിയില്‍ 339 റണ്‍സാണ് സഞ്ജു നേടിയത്. 101ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയ താരമാണ് സഞ്ജു. എന്നാൽ 23.8 ശരാശരിയില്‍ 476 റണ്‍സ് നേടിയ സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ് 100.4 ആണ്. രണ്ട് തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്.
ഇങ്ങനെയൊരു തോൽവി, ഇന്ത്യ മൂന്നാം കിരീടമുയർത്തുന്നത് കാണാൻ ആഗ്രഹിച്ച ഒരാൾക്കുപോലും ചിന്തിക്കാൻ കഴിയാത്ത തോൽവി, അതിനായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആതിഥേയരായ ഇന്ത്യ തുടർച്ചയായ പത്തു മത്സരങ്ങളിലും തോൽവിയറിയാതെ ജയിച്ചു കയറിയപ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമുയർന്നു. എന്നാൽ കരുത്തരായ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ പ്രതീക്ഷകളെല്ലാം ഉടഞ്ഞു വീഴുകയായിരുന്നു. ആരാധകരുടെ ആശങ്ക പോലെ തന്നെ ലോകകപ്പിൽ സംഭവിച്ചപ്പോൾ വീണ്ടുമൊരു നാണക്കേടിൽ ഇന്ത്യയ്ക്ക് തല കുനിക്കേണ്ടി വന്നു. സൂര്യക്ക് പകരം സഞ്ജു ആയിരുന്നെങ്കിൽ ഇന്ത്യയുടെ വിജയം സുനിശ്ചിതം ആയിരുന്നെന്ന ആരാധകരുടെ പ്രവചനങ്ങൾ ഒരു പക്ഷേ ശരിയായേനെ. നാണംകെട്ട തോൽവിക്ക് പുറമെ വന്നു ചേരുന്ന ചോദ്യ ശരങ്ങൾക്കു മറുപടി പറയേണ്ട സ്ഥിതിയിലാണ് നായകനും ടീമും.