ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ് കെ കൗളും ആണ് അനുകൂലമായി വിധി പറഞ്ഞത്. അഞ്ചംഗ ബെഞ്ചിൽ വിധി എതിർക്കുന്നവർ ഭൂരിപക്ഷമായതോടെയാണ് സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നത് സുപ്രീം കോടതി തള്ളിയത്. രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരാണ് എതിർത്തത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയിൽ പറഞ്ഞ കാര്യങ്ങൾ:
സ്വവർഗ വിവാഹത്തിൽ യോജിപ്പും വിയോജിപ്പുണ്ടെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ല. നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് സർക്കാരിന്റെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ അങ്ങനെ ആരോപിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിലവിലുള്ള നിയമം പുരുഷനെയും സ്ത്രീയേയും മാത്രമാണ് പരിഗണിക്കുന്നത്. അതിൽ ഇതര വിഭാഗക്കാരേക്കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്കു റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹം എന്ന സങ്കൽപ്പത്തിൽ പല മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വേണോ എന്ന പാർലമെന്റിനു തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്, സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ട്. ലിംഗവും ലൈംഗികതയും ഒന്നാവണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ജസ്റ്റിസ് സഞ്ജയ് കൗളിന്റെ വിധിപ്രസ്താവത്തിലെ പരാമർശങ്ങൾ
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വിധി പ്രസ്താവത്തോടു യോജിച്ചാണ് ജസ്റ്റിസ് സഞ്ജയ് കൗൾ വിധി പറഞ്ഞത്. പ്രത്യേക വിവാഹ നിയമം തുല്യതയ്ക്ക് എതിരാണെന്ന് ജസ്റ്റിസ് സഞ്ജയ് കൗൾ അഭിപ്രായപ്പെട്ടു. ലൈംഗികതയുമായി ബന്ധപ്പെട്ടു മാത്രമല്ല, വൈകാരിക പൂർത്തീകരണത്തിനുള്ള ബന്ധങ്ങളായും സ്വവർഗ ബന്ധങ്ങൾ പുരാതന കാലം മുതൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭിന്നലിംഗ ലൈംഗികതയും സ്വവർഗ ലൈംഗികതയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായിത്തന്നെ കാണണമെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ പറഞ്ഞു. പ്രത്യേക വിവാഹ നിയമം ഭരണഘടനയുടെ 14–ാം അനുഛേദത്തിന്റെ ലംഘനമാണ്. സ്വവർഗ ബന്ധങ്ങളെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ വ്യാഖ്യാനപരമായ പരിമിതികളുണ്ട്. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ചതുപോലെ, പ്രത്യേക വിവാഹ നിയമത്തിൽ കൂടുതൽ തൊട്ടുകളിക്കുന്നത് വിപരീത ഫലമുണ്ടാക്കാനും സാധ്യതയുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ ചൂണ്ടിക്കാട്ടി.
സ്പെഷ്യൽ മാര്യേജ് ആക്ട് 1954, ഹിന്ദു മാരേജ് ആക്ട് 1955, ഫോറിൻ മാരേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവർഗ ദമ്പതികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽജിബിടിക്യുഐഎ+ ആക്ടിവിസ്റ്റുകൾ എന്നിവർ സമർപ്പിച്ച ഇരുപത് ഹർജികൾ ആണ് ബെഞ്ച് പരിഗണിച്ചത്. നിലവിലെ നിയമം ഭിന്നലിംഗമല്ലാത്ത വിവാഹങ്ങളെ അംഗീകരിക്കുന്നില്ല. ആ സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതി പരിശോധിച്ചത്. വിവാഹ നിയമത്തിലെ ചട്ടങ്ങൾ മാത്രം പരിശോധിക്കുമെന്നാണ് കോടതി അറിയിച്ചത്. വ്യക്തിനിയമങ്ങളെ സ്പർശിക്കില്ലെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത സ്വവർഗ ദമ്പതികൾക്ക് മറ്റ് വിവാഹിതർക്ക് നൽകുന്ന അവകാശങ്ങളെക്കുറിച്ച് പാർലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.സ്വവർഗ വിവാഹം നിയമപരമാക്കുന്നത് കേന്ദ്ര സർക്കാർ എതിർക്കുകയും ചെയ്യുന്നു.വിവാഹമെന്ന നിയമപരമായ അംഗീകാരം. ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള അനുമതി, പങ്കാളിയെ നോമിനിയായി നാമകരണം ചെയ്യൽ തുടങ്ങിയവയെക്കുറിച്ച് കോടതി ഉത്തരവിലൂടെ വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്‌പെഷ്യൽ മാരേജ് ആക്‌റ്റിലെ “ഭർത്താവ്”, “ഭാര്യ” എന്നീ വാക്കുകൾ ലിംഗഭേദമില്ലാതെ “ഇണ” അല്ലെങ്കിൽ “വ്യക്തി” എന്ന് വായിക്കണമെന്നാണ് ഹർജിക്കാർ മുന്നോട്ടുവച്ച വാദം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വവർഗ ദമ്പതികളെ ദത്തെടുക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ഈ ഹർജികളെ പിന്തുണക്കുകയും സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.
മുതിർന്ന അഭിഭാഷകരായ മുകുൾ രോഹത്ഗി, ഡോ. അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രൻ കെ.വി. വിശ്വനാഥൻ, ഡോ. മേനക ഗുരുസ്വാമി, ജയ്‌ന കോത്താരി, സൗരഭ് കിർപാൽ, ആനന്ദ് ഗ്രോവർ, ഗീത ലൂത്ര, അഭിഭാഷകരായ അരുന്ധതി കട്ജു, വൃന്ദ ഗ്രോവർ, കരുണാനാഥ്, മനുർ ശ്രീഗു നൂണ്ടി തുടങ്ങിയവരാണ് വിവിധ ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. മുതിർന്ന അഭിഭാഷകരായ രാകേഷ് ദ്വിവേദി, കപിൽ സിബൽ, അരവിന്ദ് ദത്തർ എന്നിവർ ഹർജികളെ എതിർത്ത് വാദിച്ചു.