പത്തനംതിട്ട : സർവീസ് നടത്തി വീണ്ടും വെട്ടിലായിരിക്കുകയാണ് പത്തനംതിട്ടയിലെ റോബിൻ എന്ന സ്വകാര്യ ബസ്. അന്തർസംസ്ഥാന പെർമിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കോൺട്രാക്ട് കാരിയർ പെർമിറ്റ് ഉപയോഗിച്ച് യാത്രക്കാരെ സ്റ്റോപ്പുകളിൽ നിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സാധാരണ സർവീസ് നടത്തിയെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ കുറ്റം. എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം അനുസരിച്ചാണ് സർവീസ് നടത്തിയതെന്നാണ് ഉടമ ഗിരീഷിന്റെ വാദം.
പുലർച്ചെ പത്തനംതിട്ടയിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ് റാന്നിയിലെത്തിയപ്പോൾ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ട ശേഷം മോട്ടോർ വാഹന വകുപ്പ് കൊണ്ട് പോയി.ഇത് രണ്ടാം തവണയാണ് റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുന്നത്. ആദ്യ തവണ പിടിച്ചെടുത്തപ്പോൾ ഉടമ ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സംമ്പാദിച്ചുവെന്ന് അവകാശപ്പെടുന്നു. പക്ഷെ മോട്ടോർ വാഹന വകുപ്പ് ഇത് തള്ളി.
ശബരിമല സീസൺ മുന്നിൽ കണ്ട് സർവീസ് നടത്തുന്നതിനായി നൂറ് കണക്കിന് സ്വകാര്യ ബസുകൾ തയാറെടുക്കുമ്പോഴാണ് റോബിൻ ബസിന് പിടിവീണിരിക്കുന്നത്. ഇത് സ്വകാര്യ ബസ് ഉടമകളേയും ആശയകുഴപ്പത്തിലാക്കുന്നു.കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്പോർട് നിയമം അനുസരിച്ച് കോൺട്രാക്ട് കാരിയർ പെർമിറ്റുള്ള ബസുകൾക്ക് സ്റ്റേജ് കാരിയർ ആയി സർവീസ് നടത്താമെന്നാണ് വാദം.
എന്താണ് കോൺട്രാക്ട് കാരിയർ പെർമിറ്റ്
കോൺട്രാക്ട് കാരിയറുകൾക്ക് ഒരു സ്ഥലത്തു നിന്നും ആളെ എടുത്ത്, മറ്റൊരിടത്ത് ഇറക്കാനുള്ള പെർമിറ്റ് ആണ് ഉള്ളത്. ഇടയ്ക്ക് നിർത്തി ആളെ കയറ്റാനോ ഇറക്കാനോ , അതനുസരിച്ചുള്ള യാത്രാക്കൂലി വാങ്ങുന്നതിനോ അനുമതിയില്ല. റോബിൻ ബസിനു കോൺട്രാക്ട് കാരിയർ പെർമിറ്റാണ് ഉള്ളതെന്ന് പത്തനംതിട്ട ആർടിഒ പറയുന്നു. എന്നാൽ റോബിൻ ബസ് സ്‌റ്റേജ് കാരിയർ ആയിട്ടാണ് സർവീസ് നടത്തിയത്. ഇതിന്റെ ടിക്കറ്റ് നിരക്ക് അടക്കം ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആർടിഒ പറഞ്ഞു.സെപ്റ്റംബർ 12 ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഈ രീതിയിലുള്ള ബസുകൾ അനുവദിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബസുകൾക്ക് സമാന്തരമായി ദേശസാത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി അധികൃതർ പരാതി നൽകിയിരുന്നു.
ഉടമയുടെ വാദം
പണത്തിനു വേണ്ടി പൊതുഗതാഗത സർവീസ് തകർക്കുകയാണ് ലക്ഷ്യമെന്നും, ട്രാൻസ്‌പോർട്ട് സെക്രട്ടറിയാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതെന്നും ഉടമ ആരോപിക്കുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ റോബിൻ ബസ് ഓടിക്കാൻ തുടങ്ങുന്നുവെന്ന വാർത്ത വന്നതുമുതൽ കെഎസ്ആർടിസിയും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും ഗിരീഷ് പറഞ്ഞു. കേന്ദ്ര നിയമപ്രകാരം നേടിയ പെർമിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, ഇതേ പെർമിറ്റ് ആനുകൂല്യത്തിന്റെ ബലത്തിൽ 200 ബസുകൾ കേരളത്തിന്റെ നിരത്തിലിറങ്ങാൻ പോവുകയാണെന്നും ബസുടമ പറയുന്നു. എംവിഡിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായപ്പോൾ പിഴ അടച്ചാൽ വണ്ടി എടുക്കാമെന്ന സമീപനമാണ് എംവിഡിയുടേതെന്ന് ഗിരീഷ് പറയുന്നു. എന്നാൽ ചെയ്യാത്ത കുറ്റത്തിന് താൻ പിഴ അടക്കില്ലെന്നും നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുന്ന ഉറച്ച തീരുമാനത്തിലാണെന്നും റോബിൻ ബസ് ഉടമ ഗിരീഷ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം 1.50 ലക്ഷം രൂപ നികുതി അടച്ചാണ് വാഹനം സർവീസിന് ഇറക്കിയത്.ഇപ്പോൾ പിടിച്ചെടുത്ത ബസ് തിരിച്ചു കിട്ടാൻ രണ്ടാഴ്ചയെങ്കിലും സമയം എടുക്കും. അപ്പോഴേക്കും താൻ അടച്ച നികുതി നഷ്ടം വരുമെന്നും ഉടമ പറഞ്ഞു.
Read Also :വിഴിഞ്ഞം യാഥാർത്ഥ്യം അറിയാതെ പോകരുത്.