അനില സി എസ്
പീലിവിടർത്തി ആനന്ദ നൃത്തമാടുന്ന മയിലുകളെ എല്ലാവർക്കും ഇഷ്ടമാണ്. നാട്ടിലൊരു മയിൽ ഇറങ്ങിയാൽ ഉടനെ ഫോട്ടോ എടുക്കാനായി പുറകെ പായാറുമുണ്ട്. എന്നാൽ മയിലുകൾ നമുക്ക് ശല്യമായി മാറുന്ന അവസ്ഥയിലേക്ക് ഇപ്പോൾ കാര്യങ്ങൾ പോയി കൊണ്ടിരിക്കുന്നു. ദിനംപ്രതി കേരളത്തിൽ മയിലുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയാണ്. 1998 നു ശേഷം കേരളത്തിലെ മയിലുകളുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർധന ഉണ്ടായതായാണ് കണക്കുകൾ.
കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവ്വജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത ജില്ലകളിൽ ഇല്ലെന്നു വേണം പറയാൻ. ആദ്യ കാലങ്ങളിൽ പാലക്കാട്, തൃശൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ മാത്രമായിരുന്നു മയിലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലമായി മാറിയെന്നാണ് പഠന റിപ്പോർട്ട്. 2050ൽ ഇത് 40 കവിഞ്ഞേക്കും. തമിഴ്നാട്ടിലെ കാരക്കലിൽ 12,000 ഹെക്ടറിൽ കൃഷിചെയ്തിരുന്ന നെൽക്കർഷകരുടെ കൃഷി 6000 ഹെക്ടറായി ചുരുക്കിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മയിലിന്റെ ശല്യമാണ്. വിളയാറായ നെല്ല് നശിപ്പിക്കൽ മാത്രമല്ല, മണ്ണിര, മിത്രകീടങ്ങൾ, ഓന്ത്, തവള, പാമ്പുകൾ, എന്നിങ്ങനെ കൃഷിയിടങ്ങൾക്ക് ഉപകാരപ്രദമായ ജീവികളെയും ഇവ നശിപ്പിക്കും. കേരളത്തിൽ ആണെങ്കിലും സ്ഥിതി മറിച്ചല്ല. നെൽകൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും ഇവർ വ്യാപകമായി വർധിക്കുന്നത് കർഷകർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇവയെ തുരത്താനായുള്ള വഴികളും എളുപ്പല്ല. മയിലുകൾ ചത്തൊടുങ്ങിയാൽ നിയമപരമായ പ്രത്യാഘാതങ്ങൾ കൂടി കർഷകർ നേരിടണം.
കൃഷിയിടങ്ങൾക്ക് വ്യാപക ഭീഷണി ഉയർത്തുന്ന ഇവ നമുക്ക് തരുന്നത് ദുഃസൂചന കൂടിയാണ്. വരണ്ടതും പാറക്കെട്ടും കുറ്റിക്കാടുമുള്ള സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. മയിലുകളുടെ ഇഷ്ട കേന്ദ്രമായി കേരളം മാറുമ്പോൾ ഇവിടത്തെ കാലാവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നു വേണം മനസിലാക്കാൻ. സാധാരണ ഗതിയിൽ 75 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് മയിലുകളെ കൂടുതലായി കാണുന്നത്. എന്നാൽ കേരളത്തിൽ 3000 മില്ലിമീറ്ററിനു മുകളിലാണ് പ്രതിവർഷം ലഭിക്കുന്ന ശരാശരി മഴയുടെ അളവ്. കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നുവെന്നതിന്‍റെ സൂചനയാണിത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പീലിയില്‍ നീല കലര്‍ന്ന നിറമുള്ള ഇന്ത്യന്‍ മയിലുകളെ കേരളത്തില്‍ ആദ്യമായി കണ്ടു തുടങ്ങിയത് 1988-കള്‍ മുതലാണ്. ദേശീയപക്ഷിയായതിനാൽ തന്നെ മയിലുകളെ ഉപദ്രവിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്നതും വര്‍ഷങ്ങളായി നടത്തിവരുന്ന സംരക്ഷണ പദ്ധതികളും ഇവ പെരുകാൻ കാരണമായി.
നാട്ടിലിറങ്ങുന്ന മയിലുകൾ വരുത്തി വെക്കുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല. ഇവ വാഹനങ്ങൾക്ക് കുറുകെ ചാടി നിരവധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപ് തൃശ്ശൂരിൽ നവ ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കവേ പറന്നു വന്ന മയിൽ നെഞ്ചിൽ ഇടിക്കുകയും യുവാവ് മരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ വധുവിനും ഗുരുതരമായി പരിക്കേറ്റു. മയിലും ചത്തിരുന്നു. ഇതുപോലെ വാഹനങ്ങൾക്ക് ഇടയിൽ പെട്ട് മയിലുകൾ ചാവുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓടിട്ട വീടുകൾക്കു മുകളിൽ പറന്നിറങ്ങി, ഓടുകൾ വ്യാപകമായി ഇവ തകർക്കാറുണ്ട്.
സാധാരണ വർഷങ്ങളിൽ ലഭിക്കാറുള്ള മഴയുടെ അളവ് ഇക്കുറി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മയിലുകളുടെ പെരുകലും മഴയുടെ കുറവും കേരളത്തിന് ഭീഷണി ഉയർത്തുന്നു. കൃഷിടങ്ങളെയും അവസ്ഥ വ്യവസ്ഥയെയും ബാധിക്കുന്ന മയിലുകളുടെ വളർച്ച ജന ജീവിതത്തെ ദുസ്സഹമാക്കുന്നു. മയിലുകളുടെ എണ്ണം നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകേണ്ടത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുത്തി സംരക്ഷിക്കപ്പെടുന്ന പക്ഷി കൂടിയാണ് മയിൽ. ഇവയെ കൊന്നാൽ, 7 വർഷം വരെ തടവും 2ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മയിൽ മുട്ട നശിപ്പിച്ചാലും കേസെടുക്കാം. അതിനാൽ തന്നെ മയിലുകളുടെ നിയന്ത്രണം അത്ര എളുപ്പമല്ല.
Also Read:27.09.2023 ,11:00 AM. ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ