തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും സര്‍വ്വകലാശാലകളിലും സര്‍, മാഡം വിളികള്‍ ഒഴിവാക്കാന്‍ ഒരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കൊളോണിയല്‍ കാലത്തെ പ്രതിനിധീകരിക്കുന്ന വാക്കുകള്‍ക്ക് പകരം മലയാള പദങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം. ലിംഗ നീതിക്ക് വിഘാതമാകുന്ന സര്‍, മാഡം വിളികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, ക്യാമ്പസുകളില്‍ പുതിയ പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്.
കൊളോണിയല്‍ കാലം മുതലുള്ള സര്‍, മാഡം വിളികള്‍ ക്യാമ്പസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കൂടി അപേക്ഷയോടുള്ള നിലപാട് വ്യക്തമാക്കിയതോടെയാണ്, ക്യാമ്പസുകളില്‍ നിന്ന് സര്‍, മാഡം വിളികള്‍ ഒഴിവാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്.
ഇത്തരം വിളികള്‍ വിദ്യാര്‍ഥികളില്‍ വിധേയത്വം സൃഷ്ടിക്കും എന്നാണ് ബോബന്‍ മാട്ടുമന്ത പറയുന്നത്. എന്നാല്‍, ബഹുമാന സൂചകമായ പദ പ്രയോഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിച്ചുകൂടാനാവില്ലെന്ന നിലപാടും കൗണ്‍സിലിനുണ്ട്. സര്‍, മാഡം വിളികള്‍ക്ക് പകരമായി മലയാളത്തില്‍ നിന്ന് തന്നെ വാക്കുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൗണ്‍സില്‍. എന്നാല്‍ ബഹുമാന സൂചകമായ പദങ്ങള്‍ അല്ല, സൗഹൃദപരമായ അഭിസംബോധനയ്ക്കുള്ള പദങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കേണ്ടത് എന്ന് ബോബന്‍ മാട്ടുമന്ത പറഞ്ഞു.
നേരത്തെ, പൊതുവിദ്യാലയങ്ങളിലുള്ള സര്‍ മാഡം വിളികള്‍ ഒഴിവാക്കണമെന്ന ബാലവകാശ കമ്മീഷന്റെ നിര്‍ദ്ദേശം അനുകൂലിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയപ്പോള്‍, അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ദേശം തള്ളിയിരുന്നു. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം, ചരിത്രമാറ്റത്തിന് തന്നെ വഴിവെക്കും എന്നാണ് വിലയിരുത്തല്‍.