കോഴിക്കോട്: രോഗഭീതിയുടെ നിയന്ത്രണത്തില്‍ നിന്നും കോഴിക്കോടിന് മോചനം..കണ്ടെയിന്‍മെന്റ് സോണുകളെല്ലാം പഴയപടിയിലായി.. രണ്ടാഴ്ചക്കാലത്തെ അവധിക്ക് ശേഷം കുട്ടികളൊക്കെ നാളെ വീണ്ടും സ്‌കൂളുകളിലേക്ക് പോവുകയാണ്. കോവിഡ് കാലം കേരളത്തിന് പരിചയപ്പെടുത്തിയ മാസ്‌കും സാനിറ്റൈസറുമാണ് കുറച്ചുകാലത്തേക്ക് ഇനി നാടിനാവശ്യം. മൂന്ന് തവണയും നിപ കോഴിക്കോടിനെ പിടിമുറുക്കാനെത്തിയപ്പോഴും ഈ മാരകവൈറസ് എങ്ങനെ കടന്നുകൂടിയെന്ന് ഒരുവര്‍ഷത്തിനിപ്പുറവും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. നിപ അകന്നുപോയ ആശ്വാസത്തിലാണ് കോഴിക്കോട് എങ്കിലും അതിന്റെ ആയുസ് എത്ര കാലമാണെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.
നിപ എന്ന് നിശബ്ദകൊലയാളി കേരളത്തിലേക്ക് ആദ്യമായി വന്നപ്പോള്‍ ദുരിതക്കയത്തിലായത് കോഴിക്കോടും കണ്ണൂരുമായിരുന്നു. ഒന്നല്ല, പതിനേഴുപേരുടെ ജീവനെടുക്കാന്‍ വന്ന കൊലയാളിക്ക് മുന്നില്‍ സ്തബ്ധനായി കീഴടങ്ങേണ്ടി വന്നുവെന്നത് പകല്‍ പോലെ വെളിവായ സത്യം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നിപ്പയെന്ന ക്ഷണിക്കാതെ വന്ന അതിഥിയെ ഒരുമനസോടെ പ്രതിരോധിക്കാന്‍ കേരളം കൈകോര്‍ത്തപ്പോള്‍ തല കുനിച്ചു പോകാനേ നിപ്പയ്ക്ക് കഴിയുമായിരുന്നുള്ളൂ..
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട് രണ്ടുപേരുടെ മരണത്തിനിടയാക്കിയ നിപ്പ അവിടെ തന്നെ നിലയുറപ്പിച്ചപ്പോള്‍ മുന്നൊരുക്കങ്ങളുമായി കേരളവും സഹായഹസ്തവുമായി കേന്ദ്രവും മത്സരിച്ചു.
അതിന്റെ ഭാഗമായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധാസംഘവും പകര്‍ച്ചവ്യാധി പ്രതിരോധ വിദഗധരടങ്ങുന്ന സംഘവും ഐസിഎംആറി നിന്നുള്ള സംഘവുമടക്കം കോഴിക്കോട് സദാസമയവും ക്യാംപ് ചെയ്തു സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കി. അനാവശ്യമായ യാത്രകള്‍ക്ക് താഴിട്ടു. വിവിധ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി തരംതിരിച്ചു. ഒടുവില്‍ രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിച്ചവരുടെ രക്തസാംപിളുകളെല്ലാം നെഗറ്റീവ്…അങ്ങനെ നിപ്പയെ കോഴിക്കോട് അങ്ങാടിയില്‍ നിന്ന് കെട്ട്‌കെട്ടിച്ചുവെന്ന് തന്നെ പറയാം.അയല്‍നാടുകളില്‍ നിന്നും കേരളത്തെ പിടിമുറുക്കാനായി വന്ന നിപ്പയെയും കൊറോണയെയും വരുതിയിലാക്കിയ മലയാളനാടിന് അതിജീവനമെന്നത് പുത്തരിയല്ല. അന്ന് നിപയെ കീഴടക്കിയതിന് പിന്നില്‍ അരങ്ങിലും അണിയറയിലും ഒട്ടേറെപ്പേരുടെ ജാഗ്രതയുണ്ടായിരുന്നു. ആരോഗ്യമന്ത്രി മുതല്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചവരിലേക്ക് വരെ നീണ്ടുപോയിരുന്നു കരുതലിന്റെ ചങ്ങല.
എന്തുതന്നെയായാലും കേരളത്തിന് നിപ എന്നാല്‍ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മറുപേരാണ്.
കടന്നുപോയ നാള്‍വഴികള്‍…
2018 മേയിലാണ് നിപ എന്ന പേര് മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി അന്ന് നിപ റിപ്പോര്‍ട്ട് ചെയ്തതും കേരളത്തിലാണ്. എല്ലാത്തിനുമുപരി അസുഖബാധിതരെ ശുശ്രൂഷിച്ച സിസ്സര്‍ ലിനിയെയും മരണത്തിന്റെ രൂപത്തില്‍ നിപ തട്ടിയെടുത്തതും കേരളം മറക്കില്ല.
കോഴിക്കോട്ടും മലപ്പുറത്തുമായിരുന്നു അന്ന് നിപ പ്രധാനമായും ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സാബിത്ത് മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. മേയ് 18 ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹിനും സമാനരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും അധികം താമസിയാതെ മരണത്തിന് കീഴ്‌പ്പെടുകയുമായിരുന്നു. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ നിന്ന് നിപയാണെന്ന് സ്ഥിരീകരിച്ചതോടെ കേരളം ആരോഗ്യജാഗ്രതയിലായി. സമ്പര്‍ക്കപ്പട്ടിക തയാറാക്കി ചടുലമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തയാറാക്കിയതോട കേരളം നിപ വിമുക്തമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും 17 ജീവനുകള്‍ വൈറസ് കവര്‍ന്നിരുന്നു. 2021-ല്‍ നിപ വീണ്ടും വില്ലനായെത്തിയപ്പോള്‍ നഷ്ടമായത് കോഴിക്കോട് ചാത്തമംഗലത്തെ 12 കാരന്റെ ജീവനാണ്.
നിപ വന്ന വഴി…
മലേഷ്യയിലെ നി എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേരില്‍ ഈ വൈറസ് അറിയപ്പെടുന്നത്. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുമാണ് നിപ പകരുക. തുമ്മുമ്പോഴും മറ്റും അന്തരിക്ഷത്തിലൂടെയും രോഗം പകരാം. അതിനാല്‍തന്നെ പ്രധാന മുന്‍കരുതലായി മാസ്‌ക് വയ്ക്കുന്ന ശീലമാക്കണം. പനി ബാധിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.
Read Also:പൈസയില്ല , നയാ പൈസയില്ല. ജീവനക്കാരെ പിരിച്ച് വിട്ട് അഫ്ഹാനിസ്ഥാൻ എംബസി.