ന്യൂസ് ഡസ്ക്ക് : ഭാര്യയും മക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ടാണ് വീടിന് തീയിട്ടത്. മറാത്ത സംവരണമാവശ്യപ്പെട്ട് വൻ കലാപം നടക്കുന്ന മഹാരാഷ്ട്രയിലാണ് സംഭവം. എൻ.സിപി എംഎൽഎ പ്രകാശ് സോളങ്കിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയ സംവരണാനുകൂലികൾ വീടിന് തീയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ എം.എൽ.എയും കുടുംബാഗങ്ങളും വീടിന് ഉള്ളിലുണ്ടായിരുന്നു. ബീഡ് ജില്ലയിലെ മജൽഗൗൺ താലൂക്കിലാണ് എം.എൽ.എ വസതി സ്ഥിതി ചെയ്യുന്നത്. വീട്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തി നശിച്ചു.ആളിപടർന്ന തീ പെട്ടന്ന് അണയ്ക്കാനായതിനാൽ ആളപായം ഉണ്ടായില്ല. പക്ഷെ വീട്ടിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചുവെന്ന് പ്രഖാശ് സോളങ്കി സോളങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. വീട് കത്തുന്നതിന്റേയും പ്രദേശത്ത് പുക ഉയരുന്നതിന്റേയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറാത്ത് വിഭാഗക്കാർക്ക് പ്രത്യേക സംവരണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച്ച ശിവസേന എം.പി ഹേമന്ത് പട്ടേൽ രാജി പ്രഖ്യാപിച്ചിരുന്നു. മറാത്ത വിഭാഗക്കാർ ഏറെയുള്ള ഹിംഗോളി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ഹേമന്ത് പട്ടേൽ.
മറാത്ത സമുദായ നേതാവ് മനോജ് ജഗറംഗ് പട്ടേൽ അനിശ്ചിതകാല നിരാഹാരം അരംഭിച്ചു.മറാത്ത റിസർവേഷൻ ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പട്ടേൽ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർ ബിൽ പാസാകാതിരിക്കാൻ രാഷ്ട്രിയം കളിക്കുന്നുവെന്നാണ് മനോജ് ജഗറംഗ് പട്ടേലിന്റെ ആരോപണം.
കലാപം പടരുന്ന പശ്ചാത്തലത്തിൽ മറാത്ത വിഭാഗങ്ങളെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേത്വത്തിൽ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ ആനുകൂല്യങ്ങളും സമുദായത്തിന് നൽകുമെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഫട്നാവിസ് പറഞ്ഞു. വിഷയത്തിൽ പഠിച്ച് റിപ്പോർട്ട് നൽകാനായി മൂന്നംഗ വിദഗദ്ധ സമിതിയെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിയോഗിച്ചു. സംവരണവിഷയത്തിലുള്ള ഹർജി അടുത്ത് തന്നെ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
സംവരണമാവശ്യപ്പെട്ട് വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലുണ്ടായ കലാപത്തിന് സമാനമായ രീതിയിൽ മഹാരാഷ്ട്രയിൽ സംഭവിക്കാതിരിക്കാനാണ് ശ്രമം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ കലാപം ഉണ്ടായാൽ അത് മധ്യ ഇന്ത്യയാകെ വ്യാപിക്കും. ഹിന്ദി ബൽറ്റുകളിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് വിഷയം കത്തി നിൽക്കുകയാണ്. അത് കൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാരും ഇടപെട്ടേയ്ക്കും.