ശില്പകൃഷ്ണ
സന്ധ്യാ ദീപം തെളിഞ്ഞാൽ പെൺകുട്ടികൾ പടിക്കു പുറത്തിറങ്ങരുത് എന്ന് പറയുന്ന കാലം കഴിഞ്ഞു. ആൺകുട്ടികൾക്ക് ഇറങ്ങാമെങ്കിൽ ഞങ്ങൾക്കും ചെയ്യാം എന്ന ആത്മവിശ്വാസമായി.വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ? എന്ന ചോദ്യം യുവ തലമുറ ഉയർത്തുമ്പോൾ അത് സദാചാരക്കാരുടെ മുഖത്തേറ്റ അടിയാണ്. അതിലേറെ കുലസ്ത്രീ വാദം ഉപേക്ഷിച്ചേ പറ്റൂ എന്ന സ്ഥിതിയിലും എത്തി. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളെ വ്യത്യസ്തമാക്കുന്നതും ഇവിടുത്തെ ആളുകൾ പഴഞ്ചൻ അല്ല എന്ന തോന്നലാണ്. കേരളത്തിലെ പിള്ളേർ ഏറെ പുരോഗമന ചിന്താഗതിയുള്ള നഗരമായാണ് കൊച്ചിയെ കാണുന്നത്. മെട്രോ സിറ്റി പൊളിയല്ലേ എന്നതിൽ തർക്കമില്ല.
അടിമുടി അപ്ഡേറ്റ് എന്ന് അവകാശപ്പെടുമ്പോഴും സദാചാരവാദത്തിൽ നിന്നും കൊച്ചിയും ലേഡീസ് ഹോസ്റ്റലുകളും മുക്തമായിട്ടില്ലെന്നു വേണം പറയാൻ. അതിനുദാഹരമാണല്ലോ രാത്രി 9 . 30 ന് ശേഷം പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന വാദം. അതുകൊണ്ട് ആരും പുറത്തിറങ്ങരുത്. ഹോസ്റ്റലുകൾ അടച്ചു പൂട്ടണം. എന്തിനേറെ ചായകുടിക്കാൻ ഇറങ്ങുമ്പോൾ പോലും സദാചാര ആങ്ങളമാരെ വെല്ലുവിളിക്കണം എന്ന സ്ഥിതി. ഈ സാഹചര്യത്തിൽ ഏത് സമയമാണ് അസമയം എന്ന ക്ലിഷേ ചോദ്യം ചോദിക്കാതെ വയ്യ..
ചുംബനം ഒരായുധവും ചുംബനസമരം സമരമുറയുമായി മാറിയിരിക്കുന്ന നമ്മുടെ കേരളത്തിലെ പൊതുനിരത്തുകളിൽ ഒരാണിനൊപ്പമോ ഒന്നിൽ കൂടുതൽ പേർക്കൊപ്പമോ നടന്നുവെന്ന് കരുതി എന്താണ് പ്രശ്നം. നിയമം കയ്യിലെടുക്കുന്നവരുടെ ചങ്കിൽ തറയ്ക്കുന്ന ചുംബനസമരവുമായി നടുറോഡിലിറങ്ങിയവരുടെ നാടാണ് കൊച്ചി. അതിനാൽ കൊച്ചിയിലെ സദാചാര വിളയാട്ടത്തിന് അധികം ആയുസില്ല. പിന്നെയെങ്ങനെ പെൺകുട്ടികളെ ഹോസ്റ്റലിൽ തളച്ചിടാൻ പറ്റും.
സെപ്റ്റംബർ ഏഴിന് ആസൂത്രണം ചെയ്ത സദാചാര പദ്ധതികൾ ഇപ്പോൾ നടപ്പാവുന്നു എന്നേയുള്ളു. കൊച്ചി കോർപറേഷനിൽ നടന്ന കൗൺസിൽ യോഗത്തിന്റെ പ്രധാന അജണ്ടകളിലൊന്ന് രാത്രി കാലങ്ങളിൽ ഇറങ്ങി നടക്കുന്ന യുവതി– യുവാക്കളെക്കുറിച്ചായിരുന്നു. പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും രാത്രി നടത്തം പൊതുജനങ്ങൾക്ക് ശല്യമാണെന്നായിരുന്നു കോപ്പറേഷന്റെ കണ്ടെത്തൽ. അത് നിർത്താൻ ഒരു വഴിയേ അവർക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പക്കാരായ ആൺ പെൺ സൗഹൃദങ്ങൾക്ക് മേൽ കടിഞ്ഞാണിടുക . അതിന്റെ ആദ്യപടി ആയിരുന്നു മറൈൻ ഡ്രൈവിലേക്കുള്ള രാത്രി സഞ്ചാര വിലക്ക്. അടുത്തത് ഹോസ്റ്റലുകൾ കേന്ദ്രികരിച്ചായിരുന്നു. രാത്രി പുറത്തിറങ്ങേണ്ട എന്നതാണ് സദാചാരവാദികളുടെ പുതിയ നയം. അതിനായി സമയക്രമം കർശനമാക്കുകയാണ് തെരഞ്ഞെടുക്കുന്ന മാർഗം, പിന്നെ എങ്ങനെ പുറത്തിറങ്ങും ? ഇനി പുറത്തിറങ്ങിയാൽ കാവലിന് സദാചാരം ടീമ്സും..ഹോസ്റ്റലിലെ നിലവിലെ സമയക്രമവും നിബന്ധനകളും പാലിക്കാൻ തയ്യാറാണ് , പക്ഷെ പുറത്തിറങ്ങാൻ അപ്പുറത്തെ വീട്ടിലെ ആങ്ങളയുടെ സമ്മതം വേണം എന്നാൽ അംഗീകരിക്കാൻ ആവുമോ.
ജോലിക്കും പഠനത്തിനുമായി വീടുകളിൽ നിന്നും മാറിനിൽക്കുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് ഹോസ്റ്റലുകളും ഹോംസ്റ്റേകളും പിജിയും അടക്കമുള്ള സംവിധാനങ്ങളെയാണ്. പലയിടങ്ങളിലും ഹോംസ്റ്റേകൾ ഹൗസ്ഫുള്ളാണ്. പ്രത്യേകിച്ച് സമയമോ ചിട്ടകളോ ഇല്ല. ഹോസ്റ്റലുകളിൽ കഴിയുന്നതിനേക്കാൾ കൂടുതൽ താൽപര്യം ഹോംസ്റ്റേ, പിജി സൗകര്യങ്ങളോട് ആയതിനാൽ കൊച്ചിയിലെ മിക്ക ഹോസ്റ്റൽ നടത്തിപ്പുകാരും അവരുടെ നിയമങ്ങളിൽ വലിയ വിട്ടുവീഴ്ചകൾ ചെയ്തുതുടങ്ങി. അതേറ്റവും കൂടുതൽ പ്രകടമായത് ഹോസ്റ്റലുകളിൽ വൈകിട്ട് തിരിച്ച് കയറുന്ന സമയത്തെ കേന്ദ്രീകരിച്ചാണ്. ഒരുകാലത്ത് ഹോസ്റ്റലുകളിൽ വ്യാപകമായിരുന്ന റൂം ചെക്കിംഗ് ഒക്കെ ഇപ്പോൾ കാലഹരണപ്പെട്ടു.. ഇത് തിരിച്ചു കൊണ്ടുവരണം എന്ന വാശിയാണ് ഇപ്പോൾ സദാചാരക്കാർക്ക്. സദാചാര താക്കോലിട്ട് പൂട്ടണം കൊച്ചിയിലെ ലേഡീസ് ഹോസ്റ്റലുകൾ എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 പ്രകാരം സ്വാതന്ത്ര്യത്തിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഓരോ പൗരന്റെയും മൗലികാവകാശമാണ്. അതിൽ മാറ്റം വരുത്താനോ, കൈകടത്താനോ കോർപ്പറേഷനോ പോലീസിനോ കഴിയില്ല. പിന്നെയാണോ സദാചാരഗുണ്ടകൾക്ക്.
നിങ്ങളുടെ താടി ഇങ്ങനെയാണോ? മുഖം നോക്കി ധനയോഗം അറിയാം