സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69-ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്.
കേരളത്തിലെ സിപിഐഎമ്മിന്റെ ചിരിക്കുന്ന മുഖം എന്നതായിരുന്നു പൊതുസമൂഹത്തില്‍ കോടിയേരിയുടെ സ്വീകാര്യതയുടെ ഏറ്റവും സവിശേഷമായ ഘടകം.
പാര്‍ട്ടിയെ സംബന്ധിച്ച് ഈ കാലഘട്ടത്തില്‍ നിര്‍ബന്ധമായും നേതൃനിരയില്‍ ഉണ്ടായിരിക്കേണ്ടിയിരുന്ന ഒരു സജീവസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അത്രയേറെ നിര്‍ണ്ണായകമായ ഒരുഘട്ടത്തിലായിരുന്നു കോടിയേരിയുടെ ദേഹവിയോഗം.
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കൊണ്ട് സിപിഐഎമ്മിന്റെ സാധാരണക്കാരായ അനുയായികളിലും പൊതുസമൂഹത്തിലും കോടിയേരി ബാലകൃഷ്ണന്‍ നേടിയെടുത്ത ജനസമ്മിതി എടുത്ത് പറയേണ്ടതാണ്.
ഏത് പ്രതിസന്ധിയും പാര്‍ട്ടിയായി നില്‍ക്കുന്ന സംഘാടന മികവിനെയാണ് പാര്‍ട്ടി അംഗങ്ങളും അനുയായികളും കോടിയേരിയായി കണ്ട് നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികം ഒരുതരം നിരാശബോധത്തോടെ ഇക്കൂട്ടരെല്ലാം ഓര്‍മ്മിച്ചെടുക്കുന്നത്. അതേസമയം സവിശേഷമായ ഒരു സാഹചര്യത്തിലൂടെ കേരള രാഷ്ട്രീയവും സിപിഐഎമ്മും കടന്ന് പോകുന്ന അവസരത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികം കടന്നുവരുന്നത് എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതികുടീരം രാവിലെ അനാച്ഛാദനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുക്കും.
ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം. വൈകീട്ട് തലശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.