തിരുവനന്തപുരം : കേരള പോലീസിൽ വർദ്ധിച്ച് വരുന്ന ആത്മഹത്യാ കുറയ്ക്കാൻ ഇടപെട്ട് ആഭ്യന്തരവകുപ്പ്. എല്ലാ ജില്ലകളിലും സായുധസേനാ വിഭാഗത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ന്യൂസ് ഫോർ നേരത്തെ വാർത്ത നൽകിയിരുന്നു. അമിതമായ ജോലി ഭാരം താങ്ങാനാകാതെ ജീവനൊടുക്കുന്നവരാണ് ഭൂരിപക്ഷവും. ഈ കണക്കുകൾ പരിശോധിച്ച സംസ്ഥാന പോലീസ് മേധാവി വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. സർക്കുലറും പുറത്തിറക്കി. പോലീസിലെ താഴെതട്ടിലുള്ളവർ മുതൽ എല്ലാവർക്കും ആഴ്ച്ചകളിൽ ലഭിക്കേണ്ട വീക്കിലി ഓഫ് കൃത്യമായി നൽകാൻ സർക്കുലറിൽ നിർദേശിക്കുന്നു. അനുവദനിയമായ മറ്റ് അവധികളും നൽകണം. ഉദ്യോഗസ്ഥരുടെ വിവാഹ വാർഷിക ദിനങ്ങളിലും, മക്കളുടെ പിറന്നാൾ ദിവസങ്ങളിലും പരമാവധി അവധി നൽകണം. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെയും ആത്മഹത്യാ പ്രവണതയുള്ളവരെയും പ്രത്യേകം കണ്ടെത്തണം. ഇവർക്ക് കൗൺസിലിങ് നൽകണം.
മാനസിക സമർദം പരിഹരിക്കാൻ യോഗ നല്ലതായതിനാൽ പോലീസുകാരെ യോഗ പരിശീലിപ്പിക്കണമെന്ന നിർണായക നിർദേശവും സർക്കുലറിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും യോഗ പോലുള്ള ശാരീരിക വ്യായാമങ്ങൾക്കുള്ള പരിശീലനം ഉണ്ടാകണം. ജീവിതശൈലി രോഗങ്ങളിൽ കൃത്യ സമയത്ത് ആവശ്യമായ ചികിത്സ സ്വീകരിക്കണം. ഇതിനായി പോലീസുകാരെ പ്രാപ്തരാക്കണം. ഇത് കൂടാതെ ജോലി സംബന്ധവും വ്യക്തിപരവുമായ പ്രശ്നങ്ങളവതരിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് വേദി ഉണ്ടാകണം. സമയോചിതമായി ഇടപെട്ട് സഹപ്രവർത്തകരുടെ മാനസിക സമർദ്ദം കുറയ്ക്കാനുള്ള മാനുഷിക ഇടപെടൽ ഉണ്ടാകണം.മാനസികമായ പിരിമുറുക്കം കുറയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കണമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു. പോലീസ് ആസ്ഥാനത്തെ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
Read Also : തൊപ്പി ഭാരമാകുമ്പോൾ.സമ്മർദം താങ്ങാനാകാതെ ആത്മഹത്യ