തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 5 സീറ്റുകളില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും മറ്റു മുതിര്‍ന്നനേതാക്കളും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല. യുവാക്കള്‍ തൊഴില്‍ തേടി കേരളം വിട്ടുപോവുകയാണ്. കാലത്തിന് അനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണ്. വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംസ്ഥാനം പിന്നിലാണ്. വലിയ കമ്പനികളെല്ലാം കേരളം വിട്ടുപോകുന്നു. ഇക്കാര്യത്തില്‍ സിപിഎം ചര്‍ച്ചയ്ക്ക് തയാറുണ്ടോ.
ഏക സിവില്‍ കോഡില്‍ മുസ്ലിം ലീഗിന് അവസരവാദ നിലപാടാണ്. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏക സിവില്‍ കോഡ് നിലവിലുണ്ട്. ഭരണഘടനയില്‍ സിവില്‍ കോഡിനെപ്പറ്റി രേഖപ്പെടുത്തിയ സമയത്ത് ബിജെപി എന്ന പാര്‍ട്ടി നിലവിലുണ്ടായിരുന്നില്ല.