ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാള്‍ക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവില്‍ അനുമതിയുള്ളത്. കുപ്പിയുടെ സീല്‍ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഇതുവരെ ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ മാത്രമാണ് മദ്യം കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നത്. മദ്യം കൊണ്ടുപോകാന്‍ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കര്‍ശനമായി തുടരുമെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.
മദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായി ചേര്‍ന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഡിഎംആര്‍സി എന്നിവരുടെ സംയുക്ത യോഗത്തിലാണ്, രണ്ടു കുപ്പി വരെ മദ്യം കൊണ്ടുപോകാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന സാഹചര്യങ്ങളില്‍ നിലവിലേതുപോലെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.