കര്‍ക്കിടകത്തില്‍ ആയുര്‍വേദ ചികിത്സ ചെയ്യുക എന്നത് വളരെ നാളായി പ്രചാരത്തില്‍ ഉള്ള ഒരു പതിവാണല്ലോ. ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തിയും നേരത്തെയുള്ള രോഗങ്ങളുടെ ചികിത്സ എന്ന നിലയിലും ആയുര്‍വേദ ചികിത്സ ചെയ്യുന്നവരുണ്ട്. എന്നാല്‍ ചില ആളുകള്‍ വിശ്വസിക്കുന്നത് പോലെ മഴക്കാലത്ത് മാത്രമേ ആയുര്‍വേദ ചികിത്സ ചെയ്യാവൂ എന്ന തരത്തില്‍ ഒരു നിബന്ധനയും യഥാര്‍ത്ഥത്തില്‍ ഇല്ല. ഏത് കാലത്തും ആ കാലത്തിന് അനുയോജ്യമായ രീതിയില്‍ ആയുര്‍വേദ ചികിത്സ ചെയ്യാം.
കര്‍ക്കിടകത്തിന്റെ പ്രാധാന്യം
ആയുര്‍വേദത്തില്‍ ഋതുക്കള്‍ക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം പറയപ്പെടുന്നുണ്ട്. ഋതു ചര്യ എന്നാണ് അതിന് പറയുന്നത്. ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരള്‍ച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ശരീരത്തില്‍ ചില രോഗങ്ങള്‍ വരാനും രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വര്‍ഷ ഋതു ചര്യ എന്നാല്‍ മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തില്‍ കര്‍ക്കിടക മാസത്തില്‍ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാല്‍ വര്‍ഷ ഋതു ചര്യയ്ക്ക് കര്‍ക്കിടകത്തില്‍ പ്രാധാന്യം കൈ വന്നു എന്ന് മാത്രം.
പ്രധാനമായും രണ്ട് തരത്തിലാണ് കര്‍ക്കിടക ചികിത്സ. ഒന്ന് രോഗ ചികിത്സ, മറ്റൊന്ന് രോഗ പ്രതിരോധചര്യകള്‍.
രോഗചികിത്സ
മഴക്കാലത്ത് വര്‍ധിക്കുന്ന രോഗങ്ങള്‍ക്ക് ആ കാലയളവില്‍ ചികിത്സ ചെയ്യുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും. മഴക്കാലത്തെ തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകള്‍, ശ്വാസം മുട്ടല്‍, അസ്ഥി സന്ധി രോഗങ്ങള്‍, എന്നിവ കഠിനമാകാന്‍ സാധ്യതയുണ്ട്. അത്തരം രോഗങ്ങള്‍ക്ക് രോഗത്തിന് അനുസരിച്ചുള്ള ചികിത്സ ഈ കാലയളവില്‍ തേടാവുന്നതാണ്.
രോഗ പ്രതിരോധചര്യകള്‍
മഴക്കാലം പൊതുവെ പകര്‍ച്ച വ്യാധികളുടെ കാലം തന്നെയാണ്. മലമ്പനി, കോളറ, ടൈഫോയ്ഡ്, ചിക്കുന്‍ ഗുനിയ, ഡെങ്കിപനി എന്നിവ പൊതുവെ കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന ഒരു സമയവുമാണിത്. ഇത്തവണ കുരങ്ങുപനിയും കൂടെയുണ്ട്. ആയുര്‍വേദം മഴക്കാലത്തെ പൊതുവെ രോഗ പ്രതിരോധ ശേഷി കുറയുന്ന കാലമായിട്ടാണ് വിലയിരുത്തുന്നത്. ശരീരത്തില്‍ അണുബാധകള്‍ക്ക് അനുകൂലമായ ഒരു സാഹചര്യം കാലാവസ്ഥയുടെ സവിശേഷത കൊണ്ട് ഉണ്ടാകുന്നു എന്നാണ് ആയുര്‍വേദ മതം. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിര്‍ദ്ദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാര്‍ഗ്ഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വര്‍ധനവിനും കൂടി ആയുര്‍വേദം പ്രാധാന്യം നല്‍കുന്നുണ്ട്. മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങള്‍, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുര്‍വേദം ആന്തരിക ബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ചര്യകളായി പറയുന്നത്.
മരുന്ന് കഞ്ഞി
പണ്ട് മുതലേ തന്നെ ഉപയോഗത്തില്‍ ഉള്ളതാണ് മരുന്നുകള്‍ ഇട്ട് ഉണ്ടാക്കുന്ന കഞ്ഞി. കേരളത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു രോഗചികിത്സാ രീതി കൂടി ആയിരുന്നു അത്. ദഹനത്തെ സഹായിക്കുന്ന മരുന്നുകള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കുക എന്നത് ആയുര്‍വേദത്തിലെ ഒരു രീതിയാണ്. പ്രധാനമായും ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ എന്നിങ്ങനെയുള്ള മരുന്നുകള്‍ ചേര്‍ത്താണ് കഞ്ഞി തയ്യാറാക്കാറുള്ളത്.
ഔഷധപ്രയോഗങ്ങള്‍
ബലവര്‍ധനവിന് ഉതകുന്ന മരുന്നുകള്‍ കഴിക്കുക എന്നതാണ് ഇത്. ഒരാളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ പരിധിയില്ലാതെ ജീവിതകാലം മുഴുവന്‍ ഉയര്‍ത്താനൊന്നും മരുന്നുകള്‍ കൊണ്ട് കഴിയില്ല. എങ്കില്‍ പോലും കുറച്ച് കാലത്തേക്ക് ചില രോഗങ്ങള്‍ വരാതെ നോക്കാനുള്ള കഴിവ് ആയുര്‍വേദ ഔഷധങ്ങള്‍ക്ക് ഉണ്ട്. പൊതുവെ ബലവര്‍ധനവിനായി നല്‍കപ്പെടുന്ന ഔഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശ പ്രകാരം കഴിക്കുന്നത് ഒരു പരിധിവരെ അണുബാധ തടയുകയോ അണുബാധ ഉണ്ടായാലും വഷളാകാതെ സഹായിക്കുകയോ ചെയ്യും.
ശോധന ചികിത്സ
ശോധന ചികിത്സ ആയുര്‍വേദത്തിന്റെ മാത്രം പ്രത്യേകതയാണ്. രോഗിയുടെ അഥവാ ചികില്‍സയ്ക്ക് വിധേയനാകുന്ന ആളുടെ അവസ്ഥയ്ക്കനുസരിച്ചാണ് ശോധന ചികിത്സ ചെയ്യേണ്ടത്. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ് ഇത്തരം ചികിത്സകള്‍ ചെയ്യേണ്ടത്. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ചു ചികിത്സകളാണ് പഞ്ചകര്‍മ ചികിത്സയില്‍ ഉള്ളത്. എങ്കില്‍ പോലും ഇതെല്ലാം തന്നെ ഋതു ചര്യയുടെ ഭാഗമായി ചെയ്യണമെന്നില്ല. പ്രത്യേകിച്ചു രോഗങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ക്ക് വളരെ മൃദുവായ ശോധനചികിത്സ വൈദ്യ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.
വ്യായാമം
വ്യായാമം പൊതുവെ മഴക്കാലത്ത് സാധ്യമല്ല, പുറത്തിറങ്ങി നടപ്പ്, ഓട്ടം മുതലായവ സാധിക്കാതെ വരുമ്പോള്‍ വീടിനകത്ത് വ്യായാമങ്ങള്‍ ലഘുവായി ചെയ്യാം. ഈ കാലത്ത് പകല്‍ ഉറങ്ങരുത്.
ആഹാരം
ആഹാരം കലോറി കുറഞ്ഞതും ദഹിക്കാന്‍ എളുപ്പമുള്ളതും ആണ് നല്ലത്. മാംസം അധികം എണ്ണ ചേര്‍ക്കാതെ പാകം ചെയ്തത് അല്പം മാത്രം കഴിക്കാം. സൂപ്പുകള്‍ പൊതുവെ നല്ലതാണ്. മാംസങ്ങള്‍ കൊണ്ടുള്ള സൂപ്പ് മാത്രമല്ല, ചെറുപയര്‍, പോലുള്ള ധാന്യങ്ങള്‍ കൊണ്ടുള്ള സൂപ്പുകളും ഈ കാലത്ത് നല്ലതാണ്. കുരുമുളക്, ചുക്ക്, ഇവയൊക്കെ പൊടിച്ചിട്ട വെള്ളം, തിളപ്പിച്ച ചെറു ചൂട് വെള്ളം എന്നിവയൊക്കെ കുടിക്കാന്‍ ഉപയോഗിക്കാം. വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുത്.
ആധുനിക കാലത്ത് മാസ്‌കിന്റെ ഉപയോഗം കൊണ്ടും മറ്റും പല രോഗങ്ങളും ഒഴിവാകുന്നുണ്ട്. എന്നാല്‍ മാസ്‌ക് ശുചി ഉള്ളതായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് മാസ്‌കില്‍ പൂപ്പല്‍ ബാധിക്കാന്‍ സാധ്യത ഏറെയാണ്. മഴക്കാലത്ത് വസ്ത്രങ്ങള്‍ പുക ഏല്‍പ്പിച്ച ശേഷം മാത്രം ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.