അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം മലയാളികള്‍ റീചാര്‍ജ് ചെയ്യുന്ന മാസമാണ് കര്‍ക്കിടകം. ഈ മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് പോകാം. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയാണ് ഇതില്‍ ഏറ്റവും ആരോഗ്യകരമായ ഒരു വിഭവം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
തവിടു കളയാത്ത ഞവര അരി – 100 ഗ്രാം
ഉലുവ – 5 ഗ്രാം.
ആശാളി – 5 ഗ്രാം.
ജീരകം – 5 ഗ്രാം.
കാക്കവട്ട് – ഒന്നിന്റെ പകുതി
ഔഷധസസ്യങ്ങള്‍ – മുക്കുറ്റി, ചതുര വെണ്ണല്‍, കൊഴല്‍വാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാര്‍നെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയല്‍ചെവിയന്‍ തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.
തയാറാക്കുന്ന വിധം
ഇടിച്ചെടുത്ത പച്ചമരുന്നു നീരിലേക്ക് ആറിരട്ടി വെള്ളം ചേര്‍ക്കുക. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത ശേഷം ചെറുതീയില്‍ വേവിക്കുക. പകുതി വേവുമ്പോള്‍ അരച്ച കാക്കവട്ട് ചേര്‍ത്ത് വീണ്ടും വേവിക്കുക.
അരി വെന്തു കഴിഞ്ഞാല്‍ അതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തശേഷം തീ അണയ്ക്കാം.അര സ്പൂണ്‍ പശുവിന്‍ നെയ്യില്‍ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേര്‍ക്കുക. ആവശ്യമെങ്കില്‍ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.