തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും കെ ഫോണ്‍ സൗജന്യ കണക്ഷന്‍ നടപടികള്‍ ഇഴയുന്നു. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ എന്നായിരുന്നു പ്രഖ്യാപിച്ചതെങ്കില്‍ ഇതുവരെ ഇന്റര്‍നെറ്റ് എത്തിയത് 3100 ഓളം വീടുകളില്‍ മാത്രമാണ്. ഡാര്‍ക്ക് കേബിള്‍, ടെലിക്കോം കമ്പനികള്‍ക്ക് വാടകക്ക് ലഭ്യമാക്കാനുള്ള നിരക്ക് നിശ്ചയിച്ചതില്‍ സ്വകാര്യ കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കുന്നുവെന്ന ആക്ഷപവും ശക്തമാണ്.
ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷനത്രയും ഒരുമാസത്തിനകം കൊടുത്ത് തീര്‍ക്കുമെന്നായിരുന്നു കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനം. ലിസ്റ്റ് പോലും പൂര്‍ണ്ണമല്ലെന്നിരിക്കെ ആകെ നല്‍കിയ കണക്ഷന്‍ 3100 വീടുകള്‍ക്ക് മുകളില്‍ പോകില്ലെന്നാണ് കേരളാ വിഷന്റെ ഇന്നലെ വരെയുള്ള കണക്ക്. പ്രധാന ലൈനില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് കേബിള്‍ വലിച്ചെത്തിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ ചില്ലറയല്ലെന്നാണ് വിശദീകരണം. തദ്ദേശ വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരം വ്യക്തി വിവരങ്ങളിലെ പൊരുത്തക്കേട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. അടുത്തൊന്നും തീരുന്ന നടപടിയല്ല, 20 ലക്ഷം സൗജന്യ കണക്ഷനെന്ന സര്‍ക്കാര്‍ വാഗ്ദാനവും ഇതോടെ പെരുവഴിയിലായി. 30000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള കണക്ഷനും 17832 ല്‍ നിന്ന് മുന്നോട്ട് പോയിട്ടില്ല.
ആറ് മാസത്തെ കാലാവധിയില്‍ 299 രൂപയില്‍ തുടങ്ങി 5000 രൂപവരെയുള്ള 9 പ്ലാനുകള്‍ പുറത്ത് വിട്ടതോടെ ഗാര്‍ഹിക കണക്ഷന്‍ ആവശ്യപ്പെട്ട് 85000 ഓളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നാണ് കെ ഫോണ്‍ വിശദീകരിക്കുന്നത്. പ്രാദേശിക ഓപ്പറേറ്റര്‍മാരെ കണ്ടെത്തി ഓഗസ്റ്റ് 15 ഓടെ ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നാണ് അവകാശവാദം. ഇതിനിടെയാണ് വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി ഡാര്‍ക്ക് കേബിള്‍ വാടക്ക് നല്‍കാനുള്ള താരിഫ് പ്ലാനുകളും പ്രഖ്യാപിച്ചത്. 7624 കിലോമീറ്റര്‍ ഡാര്ക്ക് ഫൈബര്‍ വാടകക്ക് നല്‍കാന്‍ തീരുമാനിച്ചതില്‍ ഒപിജിഡബ്ലിയു കേബിള്‍ കിലോമീറ്ററിന് 11825 രൂപയും എഡിഎസ്എസിന് 6000 രൂപയുമാണ് വാര്‍ഷിക വാടക ഈടാക്കുക. ഇതില്‍ നിശ്ചിത ശതമാനം എംഎസ്പിയായ എസ്ആര്‍ഐടിക്ക് കിട്ടും വിധമാണ് കരാര്‍.