ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ഇടക്കാലജാമ്യത്തിന്റെ കാലാവധി സുപ്രീംകോടതി നീട്ടി. അടുത്തവാദം കേള്‍ക്കുന്ന ജൂലൈ 19 വരെയാണു ജാമ്യം നീട്ടിനല്‍കിയത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ ടീസ്റ്റ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ജൂലൈ ഒന്നിനു ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉടന്‍ കീഴടങ്ങണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി അന്നുരാത്രി തന്നെ സുപ്രീംകോടതി പരിഗണിക്കുകയും ഹൈക്കോടതി ഉത്തരവ് തടയുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു ഹര്‍ജി നല്‍കാന്‍ എന്തുകൊണ്ടു ടീസ്റ്റയ്ക്കു സമയം അനുവദിച്ചില്ലെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
കേസില്‍ 2022 ജൂണ്‍ 25നാണു ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതയായി. തുര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി പലതവണ പരിഗണിക്കാതെ നീട്ടിവച്ചിരുന്നു.