ആരാധകരും താരങ്ങളുമടക്കം ശ്രേയസ് അയ്യർക്കെതിരെ വിമർശനങ്ങൾ ഉയർത്തുമ്പോൾ ഇന്ത്യൻ ടീമും സമർദ്ദത്തിലാണ്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ നാലാം നമ്പർ താരത്തിന്റെ നിലവിലെ ഫോം മോശമായത് തന്നെയാണ് ഇതിനു കാരണം. ശ്രേയസിനെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. ലോകകപ്പിൽ ഇന്ത്യ കളിച്ച ആറു മല്‍സരങ്ങളിലും ശ്രേയസിനു അവസരം ലഭിച്ചിരുന്നു. ഇവയില്‍ നിന്നും 33.50 ശരാശരിയില്‍ താരത്തിന് നേടാനായത് 134 റണ്‍സ് മാത്രം. പുറത്താവാതെ നേടിയ 53 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും മികച്ചതായി പറയാനില്ല. 0, 25*, 53*, 19, 33, 4 എന്നിങ്ങനെയാണ് ഇതുവരെയുള്ള മത്സരങ്ങളിൽ താരത്തിന്റെ സ്‌കോറുകള്‍.
സാഹചര്യം നോക്കാതെയുള്ള ഷോട്ടുകളാണ് പലപ്പോഴും താരത്തിന് വിനയാകുന്നത്. നാലാം നമ്പര്‍ ബാറ്ററുടെ ശൈലിക്കും ഒട്ടും തന്നെ യോജിക്കാത്തതാണ് ശ്രേയസിന്റെ ഇപ്പോഴത്തെ ശൈലിയെന്നു വിമര്‍ശനങ്ങളുമുയരുന്നുണ്ട്. ഇതേ തുടർന്ന് ശ്രേയസിനു പകരം ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ട് വരുമെന്നാണ് റിപ്പോർട്ടുകൾ. ഒരുപക്ഷെ ശ്രീലങ്കയുമായുള്ള കളിയില്‍ തന്നെ ശ്രേയസ് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഈ ലോകകപ്പില്‍ രണ്ടു മല്‍സങ്ങളില്‍ മാത്രമേ ഇഷാൻ കളത്തിലിറങ്ങിയുള്ളു. ഡെങ്കിപ്പനി കാരണം മത്സരത്തിൽ ഇറങ്ങാൻ കഴിയാതിരുന്ന ശുഭ്മന്‍ ഗില്ലിനു പകരമായാണ് ഇഷാൻ ടീമിൽ ഉൾപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ കളിയില്‍ ഡെക്കായി മടങ്ങിയ താരം അഫ്ഗാനിസ്താനെതിരേ 47 റണ്‍സെടുക്കുകയും ചെയ്തു. പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഗില്‍ തിരിച്ചെത്തിയതോടെ ഇഷാൻ ഗാലറിയിൽ ഒതുങ്ങുകയായിരുന്നു.
പരിക്കുമൂലം വിശ്രമത്തിലായിരുന്ന ശ്രേയസ് ഏഷ്യാ കപ്പിലൂടെയാണ് മടങ്ങിയെത്തിയത്. ശേഷം കളിച്ച 10 ഇന്നിങ്‌സുകളില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും താരം നേടുകയും ചെയ്തു. എന്നാൽ ഷോര്‍ട്ട് ബോള്‍ കളിക്കുമ്പോള്‍ വേഗത്തില്‍ പുറത്താവുന്ന അയ്യരുടെ ദൗര്‍ബല്യം എതിരാളികള്‍ നന്നായി മുതലെടുക്കുന്നുണ്ട്. എന്നാൽ ലോകകപ്പിൽ ന്യൂസിലാന്‍ഡുമായുളള കളിയില്‍ ഷോര്‍ട്ട് ബോളിലൂടെയായിരുന്നു ശ്രേയസിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. മറ്റു മല്‍സരങ്ങളിലും ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ താരത്തിന് അടിപതറി. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദിനത്തില്‍ മികച്ച പ്രകടനം താരം നടത്തിയിട്ടുണ്ടെന്നും പറയണമല്ലോ.
നാലാം നമ്പറിൽ ശ്രേയസിനെ ഒഴിവാക്കുകയാണെങ്കില്‍ ബാറ്റിങ് ഓര്‍ഡറിലും മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുക. ശ്രേയസിനു പകരം നാലാം നമ്പറിലേക്കു കെഎല്‍ രാഹുലിനെ കൊണ്ടുവരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇഷാന്‍ അഞ്ചാം നമ്പറിൽ ഇറങ്ങും. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യും. എന്തായാലും ശ്രേയസ് അയ്യർക്ക് ഫോമിലേക്ക് തിരിച്ചു വരാനായില്ലെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ താരത്തിന്റെ സ്ഥാനം തുലാസിലാകും.