ന്യൂസ് ഡസ്ക്ക്: ലോകകപ്പ് 26 കോടി പൗരൻമാരുള്ള ഓസ്ട്രേലിയക്ക് വണ്ടി കയറുമോ, അതോ 140 കോടി കോടി ജന സംഖ്യയുള്ള ഇന്ത്യയിൽ നിൽക്കുമോ. ഇരുപത് വർഷങ്ങൾക്കു മുൻപ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കണ്ണീരു വീഴ്ത്തിയ ഓസ്‌ട്രേലിയയുമായി വീണ്ടുമൊരു നേർക്കുനേർ പോരാട്ടം. 2003ലെ ലോകകപ്പില്‍ തുടര്‍ച്ചയായ 10 ജയങ്ങള്‍ നേടിയ ഓസ്ട്രേലിയ ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. തുടർന്ന് നടന്ന ഫൈനൽ പോരാട്ടത്തിലും ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടി. അന്നത്തെ തോൽവിക്ക് 2023 ൽ മറുപടി നൽകുമോ എന്നതാണ് ചോദ്യം.
ഇരുപതു വർഷങ്ങൾക്കിപ്പുറം ഓസ്‌ട്രേലിയയുടെ അതേ സ്ഥാനത്താണ് ഇന്ത്യയും നിൽക്കുന്നത്. 2023 ലോകകപ്പിൽ തോൽവിയറിയാതെ 10 മത്സരങ്ങളിൽ ജയിച്ചു കയറിയ ഇന്ത്യ, ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തു. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതുവരെ 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ട് തവണയും ജയിച്ചുകയറിയത് ഓസീസായിരുന്നു. 1983, 1987, 2011, 2019 ലോകകപ്പുകളിലും പിന്നീട് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലുമായിരുന്നു ഇന്ത്യയുടെ വിജയങ്ങള്‍. ആതിഥേയരായ ഇന്ത്യയ്ക്ക് സ്വന്തം തട്ടകത്തിൽ പകരം വീട്ടാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
ഇന്ത്യൻ നിര കരുത്തരാണ്
ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഒരു പോലെ മികച്ചത് ആയതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യമായ ആകുലതകൾ ഇല്ലെന്നു പറയാം. നായകൻ രോഹിത് ശർമയുടെ ഫോമിൽ ആർക്കും സംശയമില്ല. സാഹചര്യത്തിന് അനുസരിച്ച് തന്ത്രം മെനയുന്ന രോഹിത്തിന്റെ പടയും ഒന്നിനൊന്ന് മികച്ചത് തന്നെ. വെടിക്കെട്ട് ബാറ്റർമാരായ വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ ചേരുമ്പോൾ കൂറ്റൻ സ്കോർ പടുത്തുയർത്താൻ ഇന്ത്യയ്ക്ക് സാധിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെട്ട പേസ് നിര കരുത്തരാണ്. അതോടൊപ്പം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ സ്പിൻ ജോഡി കൂടി ചേർന്നാൽ ഓസിസ് പടയുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് എളുപ്പത്തിൽ വീഴ്ത്താം. 1983, 2011 വര്‍ഷങ്ങളില്‍ കിരീടം നേടിയ ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.
അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്. പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിൻ വാങ്ങേണ്ടി വന്ന ഹർദിക് പാണ്ഡ്യയുടെ പകരക്കാരനെതിരെയും അവർ നെറ്റിചുളിച്ചു. എന്നാൽ ആരാധകരുടെ ആശങ്കകൾക്കെല്ലാം അറുതി വരുത്തിക്കൊണ്ടാണ് ഇന്ത്യൻ പട ഇതുവരെ മുന്നേറിയത്. അതുകൊണ്ട് തന്നെ വർഷങ്ങൾക്കിപ്പുറം മൂന്നാം കിരീടം നേടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ.
ഓസിസ് പട തയ്യാർ
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഓസ്ട്രേലിയ. എട്ടാം ഫൈനലിനാണ് അവർ ഇറങ്ങുന്നത്. 1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിൽ ഫൈനലിൽ മത്സരിച്ച ഓസിസ്, 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായി. പാറ്റ് കമ്മിൻസന്റെ നായകത്വത്തിൽ ലോകകപ്പിലെ ലീഗ് ഘട്ടത്തിൽ കളിച്ച ഒൻപത് കളികളിൽ ഏഴെണ്ണത്തിലും ജയിച്ചാണ് ഓസിസ് സെമിയിൽ കടന്നത്. മിന്നും ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഓസിസ് പട കരുതരാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റിട്ടും 201 റൺസ് എടുത്ത് കളി ജയിപ്പിച്ച ഗ്ലെന്‍ മാക്സ്വെൽ തന്നെയാകും ടീമിന്റെ കരുത്ത്. ഡേവിഡ് വാർണറും മിച്ചൽ മാർഷലും മികച്ച ഫോമിൽ തന്നെ. എന്നാൽ ഇന്ത്യയുടെ ബൗളിംഗ് നിരക്കുമുന്നിൽ ഓസിസ് ബാറ്റർമാർക്ക് പിടിച്ചു നിൽക്കാൻ ആവുമോ എന്നതാണ് സംശയം.
140 കോടി ജനതയുടെ കണ്ണുകൾ അഹമ്മദാബാദ് സ്റ്റേഡിയത്തിലേക്കാണ് ഉറ്റുനോക്കുന്നത്. കപിൽ ദേവിനും ധോണിയ്ക്കും ശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടം രോഹിത് ശർമ ഉയർത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് അവർ. ആതിഥേയരായ ഇന്ത്യ വലിയ കിരീട സമ്മര്‍ദ്ദത്തോടെയാവും ഫൈനലിനിറങ്ങുക. ഒന്നര ലക്ഷത്തോളമുള്ള കാണികളുടെ മുന്നിലേക്ക് രോഹിതും സംഘവും ഇറങ്ങുമ്പോൾ ലക്ഷ്യം മൂന്നാം കിരീടം മാത്രം.