ദില്ലി : ജയിക്കുന്നതിന് മുമ്പേ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്ന പരിപാടി ഇതാദ്യമായല്ല പ്രതിപക്ഷം പരീക്ഷിക്കുന്നത്. 545 ലോക്സഭാ സീറ്റിൽ രണ്ട് സീറ്റിൽ ആഗ്ലോ ഇന്ത്യൻ നാമനിർദേശപ്രകാരം നിയമനം.ബാക്കിയുള്ള 543 സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളു. 2024 ജൂൺ 16ന് പതിനേഴാം ലോക്സഭയുടെ കാലാവധി അവസാനിക്കും. അതിന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യണം. 2019ൽ തിരഞ്ഞെടുപ്പ് എട്ട് ഘട്ടമായി കമ്മീഷൻ പൂർത്തിയാക്കി. ഏപ്രിൽ 11ന് ആരംഭിച്ച് മെയ് 19ന് അവസാനിക്കുന്ന തരത്തിലുള്ള ഷെഡ്യൂൾ ഇത്തവണയും കമ്മീഷൻ പിന്തുടർന്നേയ്ക്കാം. എങ്കിൽ ലോക്സഭാ വോട്ടെടുപ്പിന് ഒരുങ്ങാൻ പാർട്ടികൾക്ക് ബാക്കിയുള്ളത് മൂന്ന് മാസം മാത്രം. മധ്യപ്രദേശ്,രാജസ്ഥാൻ,ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വിജയം സംഘപരിവാറിന്റെ സംഘടനസംവിധാനത്തെ സജീവമാക്കി.ഇനി വേണ്ടത് കാവിരാഷ്ട്രിയത്തിന് വിജയകൊടി പാറിക്കാനുള്ള വിഷയമാണ്. 1990 സെപ്‍ന്റബർ 25ന് സോമനാഥിൽ നിന്നും ആരംഭിച്ച് ഒക്ടോബർ 30ന് സാങ്കേതികമായി അവസാനിച്ച രാമരഥയാത്ര അതിന്റെ അന്തിമ വിജയത്തിലേക്ക് കടക്കുന്ന വർഷമാണ് 2024. രഥയാത്രയിൽ കൊല്ലപ്പെട്ട കർസേവകരുടെ ചിതാഭസ്മവുമായി വിശ്വഹിന്ദു പരിഷത്ത് രാജ്യമെങ്ങും നടത്തിയ യാത്രയും അതിനെ തുടർന്ന് 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർക്കപ്പെടുകയും ചെയ്തത് 25 വർഷം ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ജനുവരി 22ന് ബാബറി മസ്ജിദ് നിലനിന്ന പ്രദേശത്ത് രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലൂടെ ജാതി സെൻസസ് നടപ്പിലാക്കി വീണ്ടും വിജയത്തിലേറാമെന്ന 90കളിലെ വി.പി. സിങ്ങ് സർക്കാരിന്റെ ആഗ്രഹത്തെ തകർക്കാനാണ് എൽ.കെ. അദ്വാനി ബാബറി മസ്ജിദ് ഉയർത്തി കൊണ്ട് വന്നതെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. സമാനമായ രീതിയിൽ ജാതി സെൻസസ് എന്ന വാദത്തിലൂടെ ഹിന്ദി ബൽറ്റിൽ വിജയിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ മുന്നണിയിലെ നിധീഷ്കുമാർ, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിവർ . ബീഹാറിൽ ജാതി സെൻസസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിലൂടെ ജാതി സെൻസസ് എന്ന അതീവ ഗൗരവമുള്ള വിഷയം മറികടക്കാൻ കഴിയുമെന്ന് ആർ.എസ്.എസ് കരുതുന്നു. പക്ഷെ, പ്രധാനമന്ത്രി പദമെന്ന ചർച്ചയിലേയ്ക്ക് പ്രതിപക്ഷം ഇത്രപെട്ടന്ന് മാറുമെന്ന് ആരും കരുതിയില്ല. 28 പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യാ മുന്നണിയ്ക്ക് മരീചിക മാത്രമായ പ്രധാനപദത്തിലേയ്ക്ക് ആളെ നിശ്ചയിക്കുന്ന പരിപാടി ഭരണപക്ഷത്തിന് അടിയ്ക്കാനുള്ള വടി കൊടുക്കുന്നതിന് തുല്യമായി.
ഭരണപക്ഷ അനുകൂലമായി മാറിയ ഭൂരിപക്ഷം ദില്ലി മാധ്യമങ്ങളും , വാർത്താ ഏജൻസികളും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മോഹത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് കഴിഞ്ഞു. ഒ.ബി.സി സമുദായ അംഗമാണെന്ന് അവകാശപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തിരഞ്ഞെടുപ്പുകളേയും നേരിടാറുള്ളത്. സവർണ വിഭാഗത്തിന്റെ പാർട്ടിയെന്ന് ദുഷ്പേര് മാറ്റാനും പിന്നോക്ക വിഭാഗ വോട്ടുകൾ ഏകീകരിക്കാനും മോദിയെന്ന സമുദായ പേര് വടക്കേന്ത്യൻ മേഖലകളിൽ പി.ആർ.ഏജൻസികൾ നന്നായി ഉപയോഗിച്ചു. 2014ൽ പാർലമെന്റിന്റെ പടികെട്ട് ചുംബിച്ച് എത്തിയ മോദിയെ നേരിടാൻ കോൺഗ്രസിന് ലോക്സഭയിൽ ഒരു ഒബിസി വിഭാഗ നേതാവിനെ അത്യാവശ്യമായിരുന്നു. അങ്ങനെയാണ് കർണാടകയിലെ ഗുൾബർഗിൽ നിന്നും ജയിച്ച് വന്ന മല്ലികാർജുന ഗാർഗെയിൽ പ്രതിപക്ഷ നേതൃ സ്ഥാനമെത്തുന്നത്. അതിന് തൊട്ട് മുമ്പ് വരെ കോൺഗ്രസിലെ പ്രഥമ നേതൃനിരയിൽ പോലും വരാത്ത മല്ലികാർജുന ഗാർഗെ പെട്ടന്ന് കോൺഗ്രസിന്റെ മുഖമായി.
രണ്ടാം മൻമോഹൻസർക്കാരിൽ കുറച്ച് കാലം റയിൽവേ മന്ത്രി പദം വഹിച്ചു എന്നതിനപ്പുറം സോണിയാഗാന്ധിയ്ക്ക് പോലും ഗാർഗെ പരിചിതനാണോയെന്ന് സംശയം വരെയുണ്ടായ കാലം. എന്നാൽ പ്രതിപക്ഷത്തെ നയപരമായി നയിച്ച ഗാർഗെ എല്ലാ പാർട്ടികൾക്കും പ്രാപ്യനായ നേതാവായി മാറി. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും ഒരു പോലെ കാണുന്ന ഗാർഗെ 2019ൽ ലോക്സഭയിലേയ്ക്ക് മത്സരിക്കാതെ സീറ്റ് ഒഴിഞ്ഞ് കൊടുക്കുകയും ചെയ്തു.രാജ്യസഭ സീറ്റ് നൽകിയാണ് അദേഹത്തെ കോൺഗ്രസ് പാർട്ടി വീണ്ടും ദില്ലിയിൽ എത്തിച്ചത്. സോണിയാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ പാർട്ടി വോട്ട് ചെയ്ത് മല്ലികാർജുന ഗാർഗയെ അദ്ധ്യക്ഷനാക്കി. നെഹറു കുടുംബത്തിന്റെ റബർ സ്റ്റാബ് മാത്രമാണ് ഗാർഗെയെന്ന് വിമർശനം ഉണ്ടെങ്കിലും ഇന്ത്യാ മുന്നണിയെ രൂപപ്പെടുത്താൻ ഗാർഗെയ്ക്ക് കഴിഞ്ഞത് കണ്ടില്ലെന്ന് നടിക്കാനാവില്ല. രാഷ്ട്രിയത്തിലെ ഡിപ്ലോമാറ്റായി മാറിയ മല്ലികാർജുന ഗാർഗെ പ്രതിപക്ഷ പാർട്ടികൾക്ക് രാഹുൽഗാന്ധിയേക്കാൾ പ്രിയപ്പെട്ടവനാണ്. പക്ഷെ ഇന്ത്യാ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഗാർഗയുടെ പേര് പറഞ്ഞത് കൃത്യമായ രാഷ്ട്രിയം മുന്നിൽ കണ്ട് തന്നെയാണ്.
വീഴാതെ നോക്കേണ്ടത് കോൺഗ്രസ് കടമ
സംസ്ഥാനങ്ങളിൽ സ്വന്തം നിലപാടും താൽപര്യങ്ങളുമുള്ള 28 പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇന്ത്യാ മുന്നണി നേരിടുന്നുണ്ട്. ശക്തി കേന്ദ്രങ്ങളിൽ പരസ്പരം മത്സരിച്ച് വോട്ട് ഭിന്നിക്കാതിരിക്കാനുള്ള മര്യാദ പോലും മുന്നണിയിലെ പാർട്ടികൾക്ക് ഇല്ലെന്ന് ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലൂടെ വ്യക്തമായതാണ്. പത്ത് വർഷം പുറത്ത് നിന്ന അധികാരത്തിലേയ്ക്ക് തിരിച്ച് വരുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എല്ലാവർക്കും ഉള്ളത്.
543 ലോക്സഭാ സീറ്റിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള 272 സീറ്റും മറികടന്ന് 290 സീറ്റ് നേടിയ ബിജെപിയാണ് മറുപക്ഷത്ത്. വെറും നാൽപത് ശതമാനത്തിനടുത്ത് മാത്രമാണ് വോട്ട് ലഭിച്ചത്. എന്നിട്ടും ഭൂരിപക്ഷം സീറ്റിനും വിജയിക്കാൻ കഴിഞ്ഞത് മറുപക്ഷത്തുള്ള 60 ശതമാനം വോട്ടും ഭിന്നിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ്. 2024ലെ തിരഞ്ഞെടുപ്പിൽ അത് ഭിന്നിക്കാതെ നോക്കിയാൽ മാത്രമേ വിജയിക്കാൻ കഴിയു. അതിനുള്ള തന്ത്രങ്ങൾ മെനയുന്നതിന് പകരം ഏത് പാർട്ടിയ്ക്ക് പ്രധാനമന്ത്രി സ്ഥാനം ? ആരാണ് പ്രധാനമന്ത്രി ? തുടങ്ങിയ ചർച്ചകളിലേയ്ക്ക് പോകുന്നത് ലക്ഷ്യം തെറ്റുന്നതിന് മാത്രമേ ഇടയാക്കു. ഇന്ത്യാ മുന്നണിയിൽ ഉൾപ്പെട്ട ബീഹാർ ഭരിക്കുന്ന ജെഡിഎസിന്റെ നിധീഷ് കുമാർ പ്രധാനമന്ത്രിയാകാനുള്ള പര്യടനത്തിലാണ്. രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹം. കിട്ടാകനിയായ ഭരണം ലഭിച്ചാൽ പ്രധാനമന്ത്രിയാകാൻ കുപ്പായം തുന്നി ഇരിക്കുന്നവർ നിരവധിയുണ്ട്. ഇന്ത്യാ മുന്നണി യോഗത്തിൽ മല്ലാഗാർജുന ഗാർഗെയുടെ പേര് ഉയർത്തിയ മമതാ ബാനർജിയുടെ പ്രധാനമന്ത്രി പദമോഹം രഹസ്യമല്ല.
ദില്ലിയിക്ക് പുറമെ പഞ്ചാബും നേടിയ അരവിന്ദ് കേജരിവാളിനും ഉണ്ട് ആഗ്രഹങ്ങൾ. കോൺഗ്രസിനുള്ളിൽ നിന്നും രാഹുൽഗാന്ധിയുടെ പേര് വരാതിരിക്കാൻ മമതാ ബാനർജിയും അരവിന്ദ് കേജരിവാളും ഒരു മുഴം മുമ്പേ എറിഞ്ഞതാണ് ഗാർഗെയുടെ പേര്. ആശയകുഴപ്പിത്തിലാകുന്ന കോൺഗ്രസിന് വിട്ട് മറ്റ് നേതാക്കളിലേയ്ക്ക് ഇന്ത്യാ മുന്നണിയുടെ നേതൃസ്ഥാനം കൈമാറ്റപ്പെടാൻ അവർ ആഗ്രഹിക്കുന്നു. കുരുക്കിൽ വീഴാതെ നോക്കേണ്ടത് കോൺഗ്രസിന്റെ കടമയാണ്.
2014, 2019 മണ്ടത്തരങ്ങൾ ആവർത്തിക്കരുത്.
രണ്ടാം മൻമോഹൻ സർക്കാരിന്റെ അവസാന കാലമായ 2013ലാണ് രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചത്. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപിയിലും പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ സജീവമാകുന്ന സമയം. എൽ.കെ.അദ്വാനിയ്ക്ക് പകരം നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുന്നോട്ട് പോകാൻ പാർട്ടി അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. അദ്വാനി വിഭാഗം അതിശക്തമായി എതിർക്കുമെന്നും ഇത് അനുകൂലമാകുമെന്നും കോൺഗ്രസ് കരുതി. 2013 അവസാന മാസം കോൺഗ്രസ് ദില്ലിയിൽ പ്ലീനറി യോഗം വിളിച്ചു.പ്ലീനറി സമ്മേളനത്തിൽ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അന്നേ ദിനം രാത്രിയാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കർ കൊല്ലപ്പെടുന്നത്. രാഹുലിന്റെ വാർത്ത മുങ്ങിപ്പോയി.
എന്തായാലും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്ത്രങ്ങൾ എല്ലാം അമ്പേ പരാജയപ്പെട്ടു. ജവഹർ ലാൽ നെഹറു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങി രാജ്യമെങ്ങുമുള്ള വോട്ടർമാരെ ആകർഷിക്കുന്ന വ്യക്തിത്വമായി രാഹുൽഗാന്ധി ഉയർന്ന് വന്നിട്ടില്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ മുൻകാലങ്ങളിൽ വോട്ടർമാരെ ആകർഷിക്കാനായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചു. പക്ഷെ 2019ലും അതേ തെറ്റ് ആവർത്തിച്ചു. നരേന്ദ്രമോദിയാകട്ടെ ഭരണപക്ഷത്തിന്റെ അവസാനവാക്കും മുഖവമായി മാറിയ കാലമായി 2019ലെ തിരഞ്ഞെടുപ്പ്. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനം എടുക്കാൻ കഴിയാതെ വീണ്ടും പഴയ തന്ത്രം ആവർത്തിച്ച് പ്രതിപക്ഷത്ത് ഇരിക്കാനുള്ള ആളെണ്ണം ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് ശുഷ്ക്കിച്ചു. 2024ലും പഴയ മണ്ടത്തരങ്ങൾ ആവർത്തിക്കരുത്. ദക്ഷിണേന്ത്യയിലെ അതീവ സുരക്ഷാ മണ്ഡലത്തിൽ അഭയം തേടി പോയെന്ന പേര് ദോഷം ഇപ്പോഴും രാഹുലിനെ വേട്ടയാടുന്നു.മുതു മുത്തശ്ശനും, മുത്തശ്ശിയും , അച്ഛനും, അമ്മയും സംരക്ഷിച്ച മണ്ഡലം തിരിച്ച് പിടിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലോക്സഭയിൽ ഭൂരിപക്ഷം കിട്ടട്ടെ, അതിന് ശേഷം തീരുമാനിക്കാം എല്ലാം.
Read More :ജാതീയതയിൽ അഭിമാനിച്ച കൃഷ്ണകുമാറിന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല