ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ സേവനദാതാക്കളായ ഗരുഡ എയറോസ്പേസും ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ നൈനി എയറോസ്പേസും അത്യാധുനിക ഡ്രോണ്‍ നിര്‍മാണത്തിനായി കൈകോര്‍ക്കുന്നു. 25 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്രിസിഷന്‍ ഡ്രോണുകള്‍ ഈ സഹകരണത്തിലൂടെ നിര്‍മിക്കാനാവുമെന്ന് ഗരുഡ എയറോസ്പേസ് പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കായുള്ള ആളില്ലാ വ്യോമ വാഹനങ്ങള്‍ (യുഎവി) രൂപകല്‍പന ചെയ്യുക, നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗരുഡ എയറോസ്പേസ്. ഇവന്റ് ഫോട്ടോഗ്രഫി, കാര്‍ഷിക സര്‍വേ, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക ഡ്രോണുകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഗരുഡ എയറോ സ്പേസ് തയ്യാറാക്കി നല്‍കും. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഔദ്യോഗിക ഡ്രോണ്‍ പാര്‍ടനര്‍ കൂടിയാണ് ഗരുഡ എയറോസ്പേസ്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നൈനി എയറോസ്പേസിന് സ്വന്തം നിര്‍മാണ ശാലയുണ്ട്. നൈനി എയറോസ്പേസുമായുള്ള പങ്കാളിത്തത്തിലൂടെ ഉത്തരേന്ത്യന്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഗരുഡ എയറോസ്പേസിന് സാധിക്കും.