കോഴിക്കോട്: ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്‌നലില്‍ മുന്നില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാര്‍ മാറ്റിക്കിട്ടാന്‍ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്ടര്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടര്‍ക്ക് വയനാട് റോഡ് ക്രിസ്ത്യന്‍ കോളജ് സിഗ്‌നല്‍ ജംക്ഷനില്‍നിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ മുന്നില്‍ തടസ്സം സൃഷ്ടിച്ചുനിന്ന കാര്‍ മാറിക്കിട്ടാനാണ് ഡോക്ടര്‍ ഹോണ്‍ മുഴക്കിയത്. മുന്നിലെ കാറില്‍ നിന്നിറങ്ങിയ യുവാവ് ഡോക്ടറുമായി വഴക്കിട്ടു. ഡോക്ടര്‍ നിര്‍ത്താതെ ഇയാളുടെ കാര്‍ ഓവര്‍ടേക്ക് ചെയ്ത് ഓടിച്ചുപോയി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ യുവാവ് ഡോക്ടറുടെ കാര്‍ പി.ടി. ഉഷ റോഡ് ജംക്ഷനിലെത്തിയപ്പോള്‍ മുന്നില്‍ കാര്‍ കയറ്റി തടയുകയും ഇറങ്ങിച്ചെന്ന് മര്‍ദിക്കുകയുമായിരുന്നു.
വിവരം അന്വേഷിക്കാന്‍ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് കാറില്‍ നിന്നു വലിച്ചുപുറത്തിട്ടും ആക്രമിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ച് സമീപത്തെ ഫ്‌ലാറ്റിലേക്ക് മാറ്റിയത്. നാട്ടുകാര്‍ തടഞ്ഞെങ്കിലും ബഹളത്തിനിടയില്‍ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവര്‍ നല്‍കിയ വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണു കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.