ഒക്‌ടോബർ 7-ന് ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ച് ഗാസ യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ഒന്നായി മാറിയിരിക്കുകയാണ്. ഇതുവരെ 4,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ 2,750 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ ഭാഗത്ത്, കൊല്ലപ്പെട്ടവരിൽ 1,400-ലധികം ആളുകളിൽ കൂടുതലുണ്ട്. കുട്ടികളടക്കം 199 പേരെയെങ്കിലും ഹമാസ് പിടികൂടി ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയതായാണ് കണക്കുകൾ. ഇസ്രായേലി ആക്രമണത്തിന് മുന്നോടിയായി ഒരു ദശലക്ഷത്തിലധികം ആളുകൾ ഗാസ മുനമ്പിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു.
ഗാസ മുനമ്പിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സെമിത്തേരികളിൽ സ്ഥലസൗകര്യം ഇല്ലാതായതിനാൽ, സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഐസ്ക്രീം ട്രക്കുകളിൽ സൂക്ഷിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ അവലംബിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ”ആശുപത്രി മോർച്ചറിക്ക് 10 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം മാത്രമേയുള്ളു. അതിനാൽ യുദ്ധത്തിൽ മരിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്യുന്നതുവരെ സൂക്ഷിക്കാൻ ഞങ്ങൾ ഐസ്ക്രീം ഫാക്ടറികളിൽ നിന്ന് ഐസ്ക്രീം ഫ്രീസറുകൾ കൊണ്ടുവന്നു,” ദേരിലെ ഷുഹാദ അൽ-അഖ്സ ആശുപത്രിയിലെ ഡോക്ടർ യാസർ അലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശീതീകരിച്ച ഐസ് ക്രീം പെട്ടികളുടെ പുറത്ത് സന്തോഷവാന്മായിരിക്കുന്ന കുട്ടികളുടെ മുഖം കാണുന്നത് ഏറ്റവും വേദനിപ്പിക്കുന്നുവെന്നു ജനങ്ങൾ പറയുന്നു. സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാനാണ് ഈ ട്രക്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവ താൽക്കാലിക മോർച്ചറികളായി മാറിയിരിക്കുന്നു.