ന്യൂഡല്‍ഹി: കോവിഡ് കാലത്ത്് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മിഷന്‍ നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മിഷന്‍ നല്‍കാനുള്ളത്. കോവിഡ് കാലത്ത് കമ്മിഷന്‍ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍ ഇതിനെതിരെ ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കമ്മിഷന്‍ നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഇതു സര്‍ക്കാര്‍ നടപ്പാക്കാതെ വന്നതോടെ റേഷന്‍ കടയുടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. തുടര്‍ന്ന് കുടിശിക തീര്‍ത്തു നല്‍കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നു ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളുകയും എത്രയും പെട്ടെന്ന് കുടിശിക നല്‍കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് ആകെ 13 തവണയായി 11 കോടി കിറ്റുകളാണു റേഷന്‍ കടകള്‍ വഴി നല്‍കിയത്. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് 10 തവണ കിറ്റ് നല്‍കി. 2020ല്‍ ആദ്യം നല്‍കിയ കിറ്റിന് 7 രൂപ കണക്കാക്കിയും തുടര്‍ന്ന് ഓണക്കിറ്റിന് 5 രൂപ വച്ചും വ്യാപാരികള്‍ക്കു കമ്മിഷന്‍ നല്‍കി. 2021 മേയില്‍ കിറ്റ് വിതരണത്തിനായി കമ്മിഷന്‍ ഉള്‍പ്പെടെ നല്‍കാന്‍ തുക അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, പണമില്ലെന്നു പറഞ്ഞു കമ്മിഷന്‍ നല്‍കിയില്ല.