ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതോടെ വിലക്കുറവില്‍ തക്കാളി ലഭ്യമായ ആശ്വാസത്തിലാണ് ജനം. ഡല്‍ഹി, ലക്‌നൗ, പട്‌ന തുടങ്ങി വിലക്കയറ്റമുണ്ടായ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നാഷനല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (എന്‍സിസിഎഫ്) നേരിട്ട് തക്കാളിയെത്തിച്ചു. കിലോയ്ക്ക് 90 രൂപയ്ക്കാണ് സബ്‌സിഡി നിരക്കില്‍ തക്കാളി നല്‍കുന്നത്. ഒരാള്‍ക്ക് പരമാവധി രണ്ടുകിലോ തക്കാളി മാത്രമേ ഈ നിരക്കില്‍ ലഭിക്കുകയുള്ളൂ.
വെള്ളിയാഴ്ച ഡല്‍ഹിയിലെ 11 ജില്ലകളിലായി 20 മൊബൈല്‍ വാനുകളിലും അഞ്ച് വിതരണകേന്ദ്രങ്ങളിലുമാണ് തക്കാളി വില്‍പ്പന ആരംഭിച്ചത്. ആദ്യദിനം വില്‍പ്പനയ്ക്കായി 17,000 കിലോ തക്കാളിയാണ് എത്തിച്ചിട്ടുള്ളത്. ശനിയാഴ്ച 20,000 കിലോ തക്കാളി വില്‍ക്കാനാണ് പദ്ധതി. ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ 40,000 കിലോവരെ തക്കാളി വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും എന്‍സിസിഎഫ് അധികൃതര്‍ അറിയിച്ചു.
ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്ന് നേരിട്ടു സംഭരിച്ച തക്കാളിയാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. കാന്‍പുര്‍, ജയ്പുര്‍ എന്നിവിടങ്ങളിലേക്കും വാരാന്ത്യത്തോടെ തക്കാളിയെത്തിക്കുമെന്ന് എന്‍സിസിഎഫ് അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ കിലോയ്ക്ക് 150 രൂപ കടന്നതോടെയാണ് ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ തക്കാളി നേരിട്ടു സംഭരിക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വയെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തക്കാളി ഉത്പാദിപ്പിക്കുന്നത്. ജൂലൈ – ഓഗസ്റ്റ്, ഒക്ടോബര്‍ – നവംബര്‍ സീസണുകളിലാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെടാറുള്ളത്. പൊതുവേയുള്ള ക്ഷാമത്തിനുപുറമെ മണ്‍സൂണ്‍ ജൂലൈയില്‍ വന്നതും ഇത്തവണ തക്കാളി കൃഷിയെയും വിതരണത്തെയും രൂക്ഷമായി ബാധിച്ചു.