പ്രശസ്ത തമിഴ് സിനിമാ-സീരിയല്‍ താരം മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. സീരിയില്‍ ഡബ്ബിംഗ് സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലര്‍ ആണ് മാരിമുത്തുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
തന്റേതായ അഭിനയപാടവം കൊണ്ട് തമിഴ് സിനിമയില്‍ മികച്ച് സ്ഥാനം നേടിയെടുക്കാന്‍ മാരിമുത്തുവിന് കഴിഞ്ഞിരുന്നു.
അഭിനയത്തിന് പുറമേ രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എതിര് നീച്ചല്‍ എന്ന സീരിയലിലെ ഗുണശേഖരന് എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം വലുതാണ്.
2008-ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ല്‍ പുലിവാല് എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എന്‍ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കാലത്ത് മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മിഷ്കിന് സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയത്തില്‍ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്. പിന്നീട് ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന് തുടങ്ങി നിരവധി സിനിമകളില്‍ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു.
ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. 2021 ല്‍ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രന്‍ഗി രേയിലും അഭിനയിച്ചു. വിക്രം, മായോന്‍, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതല്‍ എന്നിവയാണ് ഈ അടുത്ത് മാരിമുത്തുവിന്റേതായി റിലീസ് ചെയ്ത സിനിമകള്‍.
ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങല്‍. സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രത്തിലും മാരിമുത്തു അഭിനയിക്കുന്നുണ്ടായിരുന്നു.
ജവാന് തമിഴ് പടമോ? റിവ്യൂ വായിക്കാം