വൈദ്യുതി വാഹനങ്ങൾ ഇപ്പോൾ തരംഗമാണ് . കൂടുതൽ പേരും ഇത്തരം വാഹനങ്ങൾ തെരഞ്ഞെടുക്കാൻ കാരണം വൈദ്യുത വാഹനങ്ങൾ വാങ്ങാനും പരിപാലിക്കാനുമുള്ള ചിലവും , പരമ്പരാഗത ഐസിഇ വാഹനങ്ങളുടെ ചിലവുകളും തമ്മിലുള്ള വ്യത്യാസമാണ് . മാത്രമല്ല എങ്ങിനെ ഇന്ധനം ലാഭിക്കാം എന്ന് ആലോചിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന് കൈയിൽ കിട്ടിയ പിടിവള്ളിയാണ് ഇത്തരം വാഹനങ്ങൾ.ചില വിഷയങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്ക് ചിലവു കുറവാണെങ്കിൽ മറ്റു ചിലവയിൽ ചിലവ് കൂടുതലാണ്. വൈദ്യുതി വാഹനങ്ങൾ വാങ്ങും മുമ്പ് അവ എന്തൊക്കെയെന്ന് മനസിലാക്കാം
കുറഞ്ഞ പരിപാലനം
ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് കുറവ് ഭാഗങ്ങളേ വൈദ്യുത വാഹനങ്ങളിലുള്ളൂ. അതുകൊണ്ടുതന്നെ പരിപാലന ചിലവിലും കുറവുണ്ടാവും. സാധാരണ വൈദ്യുതി വാഹനങ്ങൾക്കു വേണ്ടി പ്രതിവർഷം ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയാണ് പരിപാലന ചിലവ് വരിക. ഇത് പെട്രോൾ വാഹനങ്ങളിലാവുമ്പോൾ ശരാശരി അയ്യായിരം രൂപയായി ഉയരും.
ഇൻഷുറൻസ് കൂടും
ഇവിയുടെ കാര്യത്തിൽ ഇൻഷുറൻസിലേക്കു വന്നാൽ ചിലവു കൂടും. വൈദ്യുത വാഹനങ്ങളുടെ പ്രധാന ഭാഗം ബാറ്ററിയാണ്. അതുപോലെ വാഹനത്തിലെ ഏറ്റവും വിലയേറിയ ഭാഗവു ബാറ്ററിയാണ്.
ബാറ്ററി
ബാറ്ററിയാണ് പ്രധാനഭാഗം എന്നതുപോലെ തന്നെ പ്രധാനമായ വിവരമാണ് വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാധാരണ നിലയിൽ അറ്റകുറ്റപണി നടത്താനാവില്ലെന്നത്. ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത ബാറ്ററി മാറ്റി പുതിയതു വെക്കുക മാത്രമാണ് പോംവഴി. ശരാശരി വൈദ്യുത വാഹനങ്ങളുടെ ബാറ്ററിക്ക് കുറഞ്ഞത് നാലു ലക്ഷം രൂപ ചിലവു വരും. ഇലക്ട്രിക് സ്‌കൂട്ടറുകളിലാണെങ്കിൽ ബാറ്ററിക്ക് അര ലക്ഷം രൂപയോളം വിലയുണ്ട്.
വിൽക്കേണ്ടി വന്നാൽ
വൈദ്യുതി വാഹനങ്ങളുടെ റീസെയിൽ വില ഇനിയും തെളിയാനിരിക്കുന്നതേയുള്ളൂ. ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾക്ക് കുറവു വില മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. ഇതിൽ പ്രധാന കാരണം ഇവികളിലെ ബാറ്ററിയാണ്. ഉപയോഗിക്കും തോറും ബാറ്ററിയുടെ ആയുസും കാര്യക്ഷമതയും കുറയുമെന്നത് വൈദ്യുത വാഹനങ്ങളുടെ റീസെയിൽ വില കുറക്കുന്നു.
നികുതി ഇളവ്
വൈദ്യുത വാഹനങ്ങളുടെ വായ്പയിൽ ഒന്നര ലക്ഷം രൂപയുടെ ഇളവ് വരെ സർക്കാർ നൽകുന്നുണ്ട്. 80ഇഇബി വകുപ്പിനു കീഴിലാണ് ഈ ഇളവ് നൽകുന്നത്.
റേഞ്ചും ചാർജിങ് സമയവും
വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യുകയെന്നത് സമയമെടുക്കുന്ന പ്രവൃത്തിയാണ്. പൊതു സ്ഥലങ്ങളിൽ ചാർജ് ചെയ്യുന്നത് പലപ്പോഴും തലവേദനയാവും. വീട്ടിൽ ചാർജിങ് സൗകര്യം ഉണ്ടാക്കിയാൽ അതിന് അധിക ചിലവും വൈദ്യുത ബില്ലിൽ വർധനവും ഉണ്ടാക്കും. അമേരിക്കയിൽ വനിതാ വാഹന ഉടമകൾ വൈദ്യുത വാഹനങ്ങൾ വാങ്ങാത്തതിന്റെ പ്രധാനകാരണമായി കണ്ടെത്തിയത് ചാർജിങിനെ ചൊല്ലിയുള്ള ആശങ്കകളും വഴിയിൽ കിടന്നുപോവുമോ എന്ന ആശങ്കയുമാണ്.
3.2kW ഉള്ള ബാറ്ററി സാധാരണ രീതിയിൽ ചാർജു ചെയ്യാൻ പത്തു മണിക്കൂർ വേണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു മണിക്കൂറുകൊണ്ട് 21 കിലോമീറ്റർ ഓടേണ്ട ചാർജ് മാത്രമാണ് ബാറ്ററിയിലെത്തുക. ഇനി 7.2kW ബാറ്ററിയാണെങ്കിൽ ഓരോ മണിക്കൂറിലേയും ചാർജു കൊണ്ട് 54 കിലോമീറ്റർ വീതം റേഞ്ച് ലഭിക്കും. ഇനി 30 kW ബാറ്ററിയാണെങ്കിൽ ഒരു മണിക്കൂറുകൊണ്ട് 216 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിക്ക് ലഭിക്കും. ചാർജറുകളുടേയും വാഹന മോഡലുകളുടേയും വ്യത്യാസങ്ങൾക്കനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.
Read Also : കുറഞ്ഞ വില കൂടിയ മൈലേജ് ; ഹോണ്ട ലിമിറ്റഡ് എഡിഷൻ