ന്യൂഡല്‍ഹി: വിരമിച്ച താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കുന്നത് വിലക്കാനൊരുങ്ങി ബിസിസിഐ. വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ബിസിസിഐ ആരംഭിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന ബിസിസിഐ അപെക്സ് കൗണ്‍സില്‍ മീറ്റിംഗിന് ശേഷം ഇത് സംബന്ധിച്ച സൂചന നല്‍കി സെക്രട്ടറി ജയ് ഷാ രംഗത്തെത്തിയിരുന്നു.
‘മുന്‍കൂട്ടി നിശ്ചയിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. ഇത് തടയുന്നതിനുള്ള നയം ഞങ്ങള്‍ സ്വീകരിക്കും’, ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസത്തിനകം നയം തീരുമാനിക്കുന്ന മുറയ്ക്ക് അത് അപെക്സ് കൗണ്‍സിലിന്റെ അംഗീകാരത്തിന് വേണ്ടി അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കാം. എന്നാല്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രം പല താരങ്ങളും വിരമിച്ചിരുന്നു. ഈ പ്രവണയാണ് വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, പാര്‍ത്ഥിവ് പട്ടേല്‍, എസ് ശ്രീശാന്ത്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ സിം ആഫ്രോ ടി10 ലീഗില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോബിന്‍ ഉത്തപ്പയും യൂസഫ് പത്താനും ഈ വര്‍ഷം ആദ്യം ഐഎല്‍ടി20 യില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.