കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ ഷക്കീര്‍ സുബാന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കേരളം വിട്ട് പോകാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും സഹകരിക്കണം തുടങ്ങിയ പ്രാഥമിക കാര്യങ്ങളാണ് കോടതി ഉത്തരവിലെ പ്രഥമ ഉപാധികള്‍. ഷക്കീര്‍ സുബാന്‍ ഇപ്പോഴും യുഎഇയിലാണ്. പ്രതിയായ ഷക്കീര്‍ ഉടന്‍ നാട്ടിലെത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഷക്കീര്‍ സുബാന്‍ ഒക്‌ടോബര്‍ 25ന് നാട്ടിലെത്തുമെന്നും വിമാനടിക്കറ്റുകള്‍ അടക്കം കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് അഭിഭാഷകന്‍ ഒമര്‍ സലീം വ്‌ളോഗറുടെ ജാമ്യം നേടിയത്.
സെപ്തംബര്‍ 13 ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് സൗദി അറേബ്യന്‍ യുവതിയോട് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസ് മുന്‍പാകെ പരാതി സമര്‍പ്പിക്കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പക്ഷെ വ്‌ളോഗ് ചെയ്യുന്നതിന്റെ ഭാഗമായി കാനഡയിലേയ്ക്ക് പറന്ന ഷക്കിര്‍ സുബാനെ നേരിട്ട് ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇത് പ്രകാരം ഷാക്കിര്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ അറിയിക്കണമെന്ന അടിസ്ഥാനത്തില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ലൈംഗികാതിക്രമ പരാതിയില്‍ തനിക്കെതിരെ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന വാര്‍ത്ത വ്യാജമാണെന്നാണ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ യുവതിയുടേത് വ്യാജ പരാതിയാണെന്നും ഒരു വ്യക്തി തനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടന്‍ നാട്ടില്‍ വരേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നുമായിരുന്നു ഷക്കീറിന്റെ കുറിപ്പ്. അതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് പൊലീസോ, കോടതിയൊ വരാന്‍ പറഞ്ഞാല്‍ മാത്രമെ വരേണ്ട കാര്യം ഉള്ളൂവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.