ഇസ്രായേൽ ഹമാസ് സംഘർഷം പത്താംദിവസത്തിലേക്ക് കടക്കുന്നു. ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി. ഗാസാ മുനമ്പില്‍ ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ ഏജന്‍സിയായ ഐസിആര്‍സി ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ആക്രമണത്തില്‍ 2,450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. 1,400 ഇസ്രായേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 126 സൈനികരെയും ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ ആരോപിച്ചു. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും വന്നാല്‍ വെടിവച്ചിടുമെന്നുമാണ് മുന്നറിയിപ്പ്.
ഇതിനിടെ, ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്. ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നാണ് ടെഹ്റാന്‍ പറയുന്നത്.
കര, നാവിക ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ് അധികൃതര്‍ എന്നാണ് അവസാനമായി പുറത്തുവരുന്ന വാർത്ത. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലോ സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങളുടെ പേരിലോ ആണ് സ്‌കൂളുകളും സര്‍വകലാശാലകളും മറ്റ് ജോലിസ്ഥലങ്ങളും പലസ്തീനികളെ പിരിച്ചുവിടുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന നൗറയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹമാസിന്റെ ആക്രമണത്തെ അനുകൂലിച്ചെന്നും അച്ചടക്ക കോഡ് ലംഘിച്ചുവെന്നും ആരോപിച്ചാണ് നൗറയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം. സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്നത് തിരിച്ചറിയാന്‍ തുടങ്ങിയെന്നും താന്‍ വിവേചനം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും നൗറ പറഞ്ഞു.