തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഡ്രഡ്ജിഗ് പുനരാരംഭിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. അദാനി ഗ്രുപ്പുമായി മന്ത്രിമാര്‍ നാളെ ചര്‍ച്ച നടത്തും. സെപ്റ്റംബറിനകം അദാനി ഗ്രൂപ്പ് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി സജി ചെറിയാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുതലപ്പൊഴിയില്‍ കേന്ദ്ര സംഘം സന്ദര്‍ശനം തുടരുകയാണ്.
ഡ്രഡ്ജിങ് മാത്രമല്ല അപകടങ്ങള്‍ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയില്‍ അപകടങ്ങളുണ്ടാകുന്നതിന് കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. ഇതിനാലാണ് പഠനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ മത്സ്യത്തൊഴിലാളി സംഘടനകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് വന്നാലുടനെ പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുതലപ്പൊഴി വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നു. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. നിലവിലെ സാഹചര്യം മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രിയെ അറിയിക്കും. മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ അടുത്ത മന്ത്രി സഭാ യോഗത്തിലാകും തീരുമാനം.