കൊടുങ്ങല്ലൂർ: ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ കടുത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാള ജനങ്ങൾക്ക് വേണ്ടാതായതാണ് മത്സ്യത്തൊഴിലാളികളെയും വഞ്ചി ഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ ട്രോളിംഗ് നിരോധന കാലത്ത് ചാളയ്ക്ക് 300 രൂപവരെ വില എത്തിയിരുന്നു. ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 രൂപയ്ക്കാണ് അന്ന് ചാളവിറ്റത്.
ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിൽ ഇറങ്ങുകയും ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മത്സ്യം വിപണിയിൽ വന്നതും ചാളയുടെ വില താഴാൻ ഇടയാക്കി.
എന്നാൽ ട്രോളിംഗ് നിരോധനത്തിനുശേഷം പിന്നീട് വിപണിയിലാകെ ചെറിയ ചാളയെയാണ് കിട്ടുന്നത്. കേവലം 10 സെന്റിമീറ്റർ നീളമുള്ള ചാളയ്ക്ക് രൂചിയും തീരെ ഇല്ലാതായി. മാംസം കുറവുമായിരുന്നു. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കുമായിരുന്ന നല്ല വലിപ്പവും നെയ്യുമുള്ള ചാളയും കാണാതായി.
മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്കും പൊന്തുകാർക്കും ഇപ്പോൾ ലഭിക്കുന്ന ഏക മത്സ്യം ചാള മാത്രമാണ്. വില കുറഞ്ഞ ചാള വളത്തിന് പൊടിക്കാനാണ് ഇപ്പോൾ അധികവും കൊണ്ടുപോകുന്നത്. ചാളയ്ക്ക് വില ലഭിക്കാത്തതുമൂലം വള്ളം ഉടമകളും തൊഴിലാളികളും വൻ കടക്കെണിയിലായി.
കടപ്പുറത്തെ ആശ്രയിച്ചു ജീവിക്കുന്ന ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളും ദുരിതത്തിലാണ്.