പത്തനംതിട്ട: ശബരിമലയിൽ നടൻ ദിലീപ് വിഐപി ദർശനം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ശബരിമലയിലെ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.(Dileep’s VIP visit to Sabarimala; action against four officials)
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, 2 ഗാര്‍ഡുമാര്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയർന്നിരുന്നു. വിഐപി ദർശനം നിയന്ത്രിക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പറഞ്ഞു.
വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് നടൻ ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് ദിലീപ് മടങ്ങിയത്.